കോഴിക്കോട്: നിപ വൈറസ് വ്യാപനം തീവ്രമാകില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്ക് ശേഷം സംഘം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. വവ്വാലുകളാണോ വൈറസ് വാഹകരെന്ന് ഉറപ്പ് വരുത്താനും പരിശോധന നടത്തും. പഴം തീനി വവ്വാലുകളുടെ സാന്നിധ്യമറിയാന്‍ ഏരിയല്‍ സര്‍വ്വേയും പരിഗണനയിലുണ്ട്.
മരിച്ച കുട്ടിയുമായുള്ള വിശദമായ സമ്പര്‍ക്കപട്ടിക തയ്യാറാക്കാനായി പ്രത്യേകം കമ്മിറ്റികളെ നിയോഗിച്ചു. ഇക്കാര്യത്തില്‍ അവലോകനത്തിനായി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും. പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് എത്തുക. ഡോ.റിമ ആര് സഹായി നേതൃത്വം നല്‍കും. ആദ്യ കേന്ദ്ര സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്.
മൃഗസാമ്പിളുകള്‍ പരിശോധിക്കാന്‍ എന്‍.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള പരിശീലനം ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: