ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സിന്റെ അവസാന ദിനം ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. രണ്ട് മെഡലുകളും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന്. ബാഡ്മിന്റണ്‍ എസ്എച്ച് 6 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ സ്വര്‍ണം നേടിയപ്പോള്‍ എസ്എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് വെള്ളി സ്വന്തമാക്കി.
ഏറെ ആവേശകരമായ ഫൈനലില്‍ ഹോങ്കോങ്ങിന്റെ ചു മാന്‍ കൈയെയാണ് കൃഷ്ണ നാഗര്‍ പൊന്നണിഞ്ഞത്. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്കോര്‍: 21-17, 16-21, 21-17. ഈയിനത്തിലെ ലോക രണ്ടാം നമ്പര്‍ താരമായ കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ അനാവശ്യ പിഴവുകള്‍ വരുത്തിയതോടെ ഹോങ്കോങ് താരം ഒപ്പമെത്തി. മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം 21-17 എന്ന സ്കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്സ് മെഡലാണിത്. ടോക്കിയോ പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും സ്വര്‍ണം നേടിയിരുന്നു.
ജയ്പൂര്‍ സ്വദേശിയാണ് 22 കാരനായ കൃഷ്ണ നാഗര്‍. 2019ലെ ലോക പാരാ ചാമ്പ്യന്‍ഷിപ്പില്‍ എസ്എസ് 6 വിഭാഗത്തില്‍ പുരുഷ ഡബിള്‍സില്‍ വെള്ളിയും സംഗിള്‍സില്‍ വെങ്കലവും 2018 ജക്കാര്‍ത്ത ഏഷ്യന്‍ പാരാ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. സ്വര്‍ണം നേടിയ കൃഷ്ണ നാഗഗറിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ഇന്നലെ ആദ്യ മെഡലും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നായിരുന്നു. പുരുഷ ബാഡ്മിന്റണ്‍ എസ്എല്‍4 വിഭാഗത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ സുഹാസ് യതിരാജ് വെള്ളി നേടി രാജ്യത്തിന്റെ അഭിമാന താരമായത്. ഫൈനലില്‍ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സുഹാസ് തോറ്റത്. ആദ്യ ഗെയിം നേടിയ സുഹാസിനെ, അടുത്ത രണ്ടു ഗെയിം സ്വന്തമാക്കിയാണ് ഒന്നാം സീഡ് വീഴ്ത്തിയത്. സ്കോര്‍: 21-15, 17-21, 15-21. 2007 ബാച്ചില്‍പ്പെട്ട ഉത്തപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് കര്‍ണാടകയിലെ ഹസന് സ്വദേശിയായ സുഹാസ് യതിരാജ്.
അതേസമയം മിക്സഡ് ഡബിള്‍സ് എസ്എല്‍ 3-എസ്എല്‍ 5 വിഭാഗത്തില്‍ വെങ്കലത്തിനായി മത്സരിച്ച ഇന്ത്യയുടെ പ്രമോദ് ഭഗത്-പാലക് കോലി സഖ്യം ജപ്പാന്റെ ഡൈസുകി ഫുജിഹര-അകികോ സുഗിനോ സഖ്യത്തോട് തോല്‍വി വഴങ്ങി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. സ്കോര്‍: 23-21, 21-19. പുരുഷ സിംഗിള്‍സ് എസ്എല്‍ 4ലും ഇന്ത്യക്ക് മെഡല്‍ നഷ്ടമമായി. വെങ്കലമെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ തരുണ്‍ ധില്ലന് തോറ്റു. ഇന്തോനേഷ്യന്‍ താരം ഫ്രെഡിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍വി. സ്കോര്‍ 21-17, 21-11.
പ്രതികരിക്കാൻ ഇവിടെ എഴുതുക: