അവളുറപ്പിച്ച് പറഞ്ഞു.
അയാളാണത്രെ
അല്‍പ്പം മുമ്പിതിലെ
നടന്നുപോയത്.
അടഞ്ഞുതൂങ്ങിയ കണ്ണുകള്‍,
നടത്തത്തിലെ ചരിവ്,
നിലത്തുറയ്ക്കാത്ത പാദങ്ങള്‍,
ഇടം കൈയിലെ വളവ്,
ഇറുങ്ങിയ കഴുത്ത്…
അടയാളങ്ങളെല്ലാം
കിറുകൃത്യം.
പോരാഞ്ഞ്,
രക്ഷപ്പെടാനായി
അന്നവളെറിഞ്ഞ
കല്ലുകൊണ്ട പാട്
കഷണ്ടികയറിയ തലയിലവള്‍
തെളിഞ്ഞു കണ്ടത്രെ.
ഇടവഴിയിലന്നയാളുടെ
കൈപതിഞ്ഞതിവളുടെ
ദേഹത്താണല്ലോ.
ആര്‍ത്തുകരഞ്ഞ്
കുതറിയോടിയിട്ടും
വിട്ടുമാറാത്ത നടുക്കവുമായി
കഴിയുന്നവളോട്
ഞാനെന്ത് പറയാനാണ്!
നാട്ടുമാവിന് കൊമ്പിലയാള്
തൂങ്ങിയാടുന്നത്
നാട്ടുകാരോടൊപ്പം
ഞാനും കണ്ടതാണെങ്കിലും,
ഇവളെ ഞാനതെങ്ങനെ
പറഞ്ഞ് മനസ്സിലാക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: