തിരുവനന്തപുരം : ഡിസിസി പ്രസിഡന്റ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനങ്ങളുമായി സംസ്ഥാന നേതാക്കള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ. മുരളീധരന് എംപി എ്ന്നിവരാണ് ചെന്നിത്തലയ്ക്കെതിരെ പരസ്യമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടിയില്‍ പകയുടെ കാര്യമില്ല. തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ പന്തം കുത്തി ആളിക്കത്തിക്കരുതെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍നിന്ന് കളിക്കരുതെന്നും തിരുവഞ്ചൂര്‍ ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നിലവില്‍ ക്ഷീണത്തിലായ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അല്ലാതെ പ്രശ്നം വലുതാക്കാനല്ല ശ്രമിക്കേണ്ടതെന്നും തിരുവഞ്ചൂര്‍ വിഷയത്തില്‍ കുറ്റപ്പെടുത്തി.
താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചിടണമെന്ന് പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു കെ. മുരളീധരന്റെ പരാമര്‍ശം. പഴയ കാര്യങ്ങള്‍ പറയാന്‍ ആണെങ്കില്‍ ഒരുപാടുണ്ട്. പരിഹരിക്കാന്‍ കഴിയാത്ത ഒരു പോരായ്മയും നിലവില്‍ പാര്‍ട്ടിക്കകത്തില്ല. എല്ലാവരും അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പഴയകാര്യങ്ങള്‍ പറഞ്ഞ് നേതാക്കള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പഴയ കാര്യങ്ങള്‍ പറഞ്ഞ് ഡിസിസി അധ്യക്ഷന്മാര് ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കരുത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട് രവി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്. അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ കെപിസിസി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്തിനെതിരെയും മുരളീധരന് രൂക്ഷ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മാലിന്യങ്ങളാണ് സിപിഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മാലിന്യങ്ങളെ പാര്‍ട്ടി ഒരിക്കലും തിരിച്ചു കൊണ്ടുവരരുത്. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവരെ തിരിച്ചു കൊണ്ടുവരണമെന്നും കെ. മുരളീധരന് ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംസ്ഥാന കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്നങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് താന്‍ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണെന്നും ഉമ്മന്‍ചാണ്ടി അങ്ങനയല്ലെന്നും സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കേണ്ട ബാധ്യതയുണ്ടെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍വെച്ച് രമേശ് ചെന്നിത്തല പ്രസ്താവന നടത്തുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നേതാക്കള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: