കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനവുമായി ചൈന. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ പ്രധാന പങ്കാളി ചൈന ആയിരിക്കുമെന്ന് താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിസ്ഥാനില്‍ വന്‍തോതില്‍ ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ഈ ഖനികള്‍ ആധുനിക വത്കരിക്കാനാണ് തീരുമാനം. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ പിന്തുണയ്ക്കുമെന്നും താലിബാന് അറിയിച്ചു. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന് വക്താവ് പറഞ്ഞു.
മാനുഷിക പരിഗണനയില്‍ അഫ്ഗാനിലെ ചൈനീസ് എംബസ്സിയുടെ പ്രവര്‍ത്തനം തുടരുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ രാജ്യത്തെ കോവിഡ് ചികിത്സയ്ക്കുള്ള സഹായവും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും താലിബാന് അറിയിച്ചു.
ചൈനയെ പോലെ തന്നെ റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന് കാണുന്നത്. മോസ്കോയുമായി നല്ല ബന്ധം നിലനിര്‍ത്തും. ഇരു രാജ്യങ്ങളുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നത് രാജ്യാന്തര വിപണിയില്‍ ഇടം നേടിയെടുക്കാന്‍ സഹാകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 15 നാണ് താലിബാന് അഫ്ഗാനിസ്ഥാന് ഭരണം കയ്യേറിയത്. യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാന് നേതാക്കള്‍ ദോഹയില്‍ വെച്ച് വിവിധ രാജ്യങ്ങിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാന് വ്യക്തമാക്കിയിരുന്നു.
കാബൂളിലെ ഇന്ത്യന്‍ എംബസ്സി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് താലിബാന് കഴിഞ്ഞ ദിവസം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ നടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കും.
അഫ്ഗാനിലെ ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും താലിബാന് വക്താവ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: