പാരീസ്: ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുത്ത് നില്‍ക്കുന്ന മലയാളി യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സംഗീത് വേണുഗോപാലിനാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം ഒരു ചിത്രമെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്. അപ്രതീക്ഷിതമായി കൈവന്ന ആ ഭാഗ്യത്തിന്റെയും ഒപ്പം മെസ്സിയെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ അമ്പരപ്പിലുമാണ് സംഗീത്.
പാരിസില്‍ താമസിക്കുന്ന സംഗീത് കഴിഞ്ഞ ദിവസം തന്റെ മകള്‍ അനികയെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് പാരിസില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് അപ്രതീക്ഷിതമായി മെസ്സി അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. സ്‌കൂള്‍ തുറക്കുന്ന ദിവസമായിരുന്നു, മെസ്സിയല്ലേ എന്ന് സംശയം തോന്നി, അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോള്‍ ഒരു ചെറു ചിരിയോടെ അതേയെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് സംഗീത് പറഞ്ഞത്. സെല്‍ഫി എടുക്കാന്‍ സമ്മതം ചോദിച്ചതും മെസ്സി തന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്നെന്നും, അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പില്‍ പെട്ടെന്ന് തന്നെ ചിത്രം പകര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വന്നതോടെ സംഗീതും താരമായി മാറി. ആയിരക്കണക്കിനു പേരാണ് സംഗീതും മെസ്സിയും ഒത്തുള്ള ചിത്രം ഇതിനകം ഷെയര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: