തിരുവനന്തപുരം: കോടികളുടെ വായ്പാ തട്ടിപ്പ് നടന്ന തിരുവനന്തപുരത്തെ ആര്യനാട് സഹകരണ ബാങ്ക് മാനേജർ ബിജു കുമാർ അറസ്റ്റിൽ. ക്രൈം ബ്രാഞ്ചാണ് ബിജു കുമാറിനെ അറസ്റ്റ് ചെയ്തത്. സിപിഎം ഭരിക്കുന്ന ബാങ്കിൽ നിന്നും ജീവനക്കാർ ഏഴുകോടിയിൽപ്പരം രുപ തട്ടിയെന്ന് സഹകരണവകുപ്പ് കണ്ടെത്തിയിട്ട് ഒരുവർഷത്തിലധികമായി.
ബാങ്കിന്റെ സായാഹ്നശാഖയിലെ ബാങ്ക് മാനേജർ, ജൂനിയർ ക്ലർക്ക് എന്നിവരായിരുന്നു തട്ടിപ്പ് നടത്തിയത്. ആറുകോടിയോളം രൂപയാണ് ബിജു കുമാർ തട്ടിയത്. ചിട്ടിയുടെ മറവിൽ അമ്പത് ലക്ഷത്തോളം രൂപയാണ് ജൂനിയർ ക്ലാർക്ക് തട്ടിയെടുത്തത്. ആര്യനാട് സർവീസ് സഹകരണബാങ്കിലെ മുൻ ഭരണസമിതി അംഗം കൂടിയായ ശശിധരന് ഒരു ദിവസം ബാങ്കിൽ നിന്നൊരു നോട്ടീസെത്തി. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു നോട്ടീസ്. ഇങ്ങനെ 185ലധികം പേരുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ അവരറിയാതെ വച്ച് വായ്പ എടുത്തുവെന്നാണ് സഹകരണവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
മേൽനോട്ടത്തിൽ വീഴ്ച വന്നതിന് സെക്രട്ടറി അസിസ്റ്റൻഡ് സെക്രട്ടറി ഇന്റേൺ ഓഡിറ്റർ എന്നിവരുൾപ്പടെ പാർട്ടി അനുഭാവികളായ അഞ്ച് പേരെ സസ്പെന്റ് ചെയ്തിരുന്നു. ഒപ്പം ഭരണസമിതിയും പിരിച്ചുവിട്ടു. അന്നത്തെ സെക്രട്ടറിയുടെ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് കാരണമെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: