മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ(ശിവസേന), ഉപമുഖ്യമന്ത്രി അജിത് പവാര്‍(എന്‍സിപി), റവന്യൂമന്ത്രി ബാലാസാഹെബ് തൊറാത്(കോണ്‍ഗ്രസ്) എന്നിവര്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുമായി ബുധനാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തി. സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള 12 പേരുടെ നാമനിര്‍ദേശം ചര്‍ച്ച ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എട്ടുമാസങ്ങള്‍ക്കു മുന്‍പായിരുന്നു 12 പേരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.
എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ നടപടിയെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. പിന്നാലെ വിഷയം ബോംബെ ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തി. ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ ഒഴിവുകള്‍ നികത്താതെ അന്തമായി ഒഴിച്ചിടരുതെന്ന് തുടര്‍ന്ന് കോടതിയുടെ നിരീക്ഷണം വന്നു. തുടര്‍ന്നായിരുന്നു താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഗവര്‍ണറെ കാണാനെത്തിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരായിരുന്നു ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ഗവര്‍ണര്‍ക്ക് ഉത്തരവ് നല്കാന് കോടതിക്കാകില്ലെന്നും ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പേരുകള്‍ സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. നടി ഊര്‍മിള മതോംഡ്കര്, കോണ്‍ഗ്രസ് നേതാവ് സച്ചിന് സാവന്ത് തുടങ്ങിയവരാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്കിയ പട്ടികയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: