വാഷിംഗ്ടണ്‍: 13 വര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനിലെ കൊടും മഞ്ഞുകാറ്റില്‍ 30 മണിക്കൂര്‍ നേരം പൊരുതി ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച മുഹമ്മദ് തന്നെയും കുടുംബത്തെയും കാബൂളില്‍ നിന്നും രക്ഷിക്കാന്‍ ബൈഡനോട് അപേക്ഷിക്കുന്ന വീഡിയോ വൈറലാണ്.
പഴയ ഓര്‍മ്മകള്‍ അയവിറക്കി അമേരിക്കന്‍ പ്രസിഡന്റിനോട് വൈകാരികമായി മുഹമ്മദ് അപേക്ഷിച്ചത് ഇതാണ്: ‘ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും കുടുംബത്തെയും രക്ഷിക്കണം. ഇവിടെ മറന്നു കളയരുത്’. പക്ഷെ വൈറ്റ് ഹൗസ് മുഹമ്മദിന്റെ അപേക്ഷ കേട്ടു. സമയം പാഴാക്കാതെ ബുധനാഴ്ച നാല് തവണ നടത്തിയ സാഹസിക രക്ഷാദൗത്യത്തില്‍ യുഎസ് മുഹമ്മദിനെയും കുടുംബത്തെയും കാബൂളില്‍ നിന്നും രക്ഷിച്ചു.
കൃത്യമായി പറഞ്ഞാല്‍ 2008ല്‍ ബൈഡനും കൂട്ടരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ഉള്‍പ്രദേശത്ത് എവിടെയോ അടിയന്തരമായി ഇറക്കേണ്ടിവന്നു. എവിടെയാണ് തങ്ങള്‍ കുടുങ്ങിപ്പോയതെന്നു പോലും അറിയാത്ത അത്രയും ശക്തമായിരുന്നു മഞ്ഞുകാറ്റ്. അന്ന് ബൈഡനെ രക്ഷിക്കാന്‍ അഫ്ഗാന് സേനയും യുഎസ് സേനയും സംയുക്തമായി നടത്തി 30 മണിക്കൂര്‍ നീണ്ട കഠിനാധ്വാനത്തില്‍ മുഹമ്മദ് മുന്‍നിരപ്പോരാളിയായിരുന്നു. അന്ന് 36 വയസ്സാണ് മുഹമ്മദിന്. യുഎസ് സംഘത്തിലെ ബൈഡന് ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയ രണ്ട് ബ്ലാക് ഹോക് ഹെലികോപ്റ്റര്‍ തേടി കനത്ത മഞ്ഞില്‍ മുഹമ്മദും കൂട്ടരും സ്വന്തം ജീവന് വകവെയ്ക്കാതെ കഠിനമായി അലഞ്ഞു. സെനറ്റര്‍മാരായ ജോണ്‍ കെറി, ഡി. മാസ്, ചക് ഹേഗല്‍, ആര്-നെബ് എന്നിവരും ഹെലികോപ്റ്ററില്‍ ബൈഡനോടൊപ്പം ഉണ്ടായിരുന്നു. ഏതോ പ്രാന്തപ്രദേശ താഴ് വരയില്‍ പിന്നീട് മുഹമ്മദും സംഘവും ബൈഡനെയും കൂട്ടരെയും കണ്ടെത്തി രക്ഷിച്ചു. പിന്നീട് യുഎസ് സൈന്യത്തിന് വേണ്ടി അഫ്ഗാനിസ്ഥാനില്‍ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുഹമ്മദ്. തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയില്‍ മുഴുവന്‍ പേരും മുഹമ്മദ് വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് മുഹമ്മദിനെ രക്ഷിച്ച ശേഷം അമേരിക്ക അദ്ദേഹത്തിന്റെ മുഴുവന്‍ പേരും വെളിപ്പെടുത്തി: മുഹമ്മദ് ഖാലിദ് വാള്ഡക്. കണ്ടുകിട്ടിയാല്‍ താലിബാന് മുഹമ്മദിനെ കൊന്നു കളയുമെന്നതിനാലാണ് മുഴുവന്‍ പേരും വെളിപ്പെടുത്താതിരുന്നത്.
അമേരിക്കന്‍ സൈന്യം ആഗസ്ത് 31ന് പൂര്‍ണ്ണമായും പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ അവസാന ആശ്രയം എന്ന നിലയിലാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ മുഹമ്മദ് ബൈഡനോട് നേരിട്ട് രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സഹായം അഭ്യര്‍ത്ഥിച്ചത്. അമേരിക്കയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാന്‍കാരില്‍ ഭൂരിഭാഗവും നാട് വിട്ട് കഴിഞ്ഞു. നാല് മക്കള്‍ക്കും ഭാര്യയോടും ഒപ്പം അഫ്ഗാനില്‍ തന്നെ ഒളിവില്‍ കഴിയുകയായിരുന്നു മുഹമ്മദ്. താലിബാന് പിടികൊടുക്കാതിരിക്കാന്‍ അദ്ദേഹം ഒളികേന്ദ്രം ഏതാനും മണിക്കൂറുകളുടെ ഇടവേളകളില്‍ മാറ്റിക്കൊണ്ടേയിരുന്നു.
ഉദ്വേഗജനകമായ ഏതാനും മണിക്കൂറുകള്‍ക്കൊടുവില്‍ എന്തായാലും മുഹമ്മദിന്റെ അപേക്ഷ വൈറ്റ് ഹൗസ് കേട്ടു. മുഹമ്മദിനെയും കുടുംബത്തെയും അഫ്ഗാനില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയില്‍ പറഞ്ഞു. ‘കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളോടൊപ്പം നിന്ന് പൊരുതിയതിന് ആദ്യം താങ്കള്‍ക്ക് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് ജെന്‍ സാകി പ്രസംഗം ആരംഭിച്ചത്. ‘ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരെ അന്ന് മഞ്ഞ്കാറ്റില്‍ നിന്നും രക്ഷിച്ച താങ്കളുടെ പ്രയ്തനത്തിനും നന്ദി പറയുന്നു,’ 13 വര്‍ഷം മുന്‍പത്തെ മുഹമ്മദിന്റെ ത്യാഗത്തെയും ജെന്‍ സാകി ഓര്‍മ്മിച്ചു.
ബുധനാഴ്ച തന്നെ മുഹമ്മദിനെയും കുടുംബത്തെയും രക്ഷിക്കാന്‍ അമേരിക്കന്‍ ദൗത്യസംഘം കാബൂളിലെത്തി. മൂന്ന് തവണ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ നാലാം തവണ കൃത്യമായി മുഹമ്മദിനെയും കുടുംബത്തെയും ഹെലികോപ്റ്ററില്‍ കയറ്റി യുഎസിലേക്ക് തിരിച്ചുപറക്കാനായി. ഇപ്പോള്‍ യുഎസില്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയോടെ, ചങ്കിടിപ്പില്ലാതെ മുഹമ്മദും ഭാര്യയും നാല് മക്കളും കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: