തിരുവനന്തപുരം: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസരം ഇന്നു കൂടി മാത്രം. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാര്‍ക്ക് പി.എഫ്. നിക്ഷേപം പിന്‍വലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനികള്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ.) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങള്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബര്‍ സേവ പോര്‍ട്ടല്‍ വഴിയോ ഇ-കെ.വൈ.സി. പോര്‍ട്ടല്‍ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം.
ലിങ്ക് ചെയ്യേണ്ടത് ഇത്തരത്തിലാണ്-
1. വെബ് സൈറ്റ് (epfindia.gov.in/eKYC/) സന്ദര്‍ശിക്കുക.
2. ലിങ്ക് യു.എ.എന്‍. ആധാര്‍ ഓപ്ഷന് ക്ലിക് ചെയ്യുക.
3. യു.എ.എന്‍. നല്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക.
4. ശേഷം ആധാര്‍ വിവരങ്ങള്‍ നല്കി ആധാര്‍ വെരിഫിക്കേഷന് മോഡ് (മൊബൈല്‍ ഒ.ടി.പി. അല്ലെങ്കില്‍ ഇ-മെയില്‍) സെലക്ട് ചെയ്യുക.
5. വീണ്ടും ഒരു ഒ.ടി.പി. ആധാര്‍ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂര്‍ത്തിയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: