കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസ് എക്സൈസ് അട്ടിമറിച്ചത് വിവാദമാകുന്നതിനിടെ സംഭവത്തില്‍ ബെംഗളൂരു ബന്ധമടക്കം പുറത്തുവരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്ന വമ്പന്‍ റാക്കറ്റുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് പോലെ വലിയ രാഷ്ട്രീയ കോലാഹലമുണ്ടാക്കാന്‍ സാധ്യതയുള്ള കേസായതിനാലാണ് ഒറ്റരാത്രികൊണ്ട് സംഭവം ഒതുക്കാന്‍ എക്സൈസ് കളിച്ചതെന്നാണ് വിവരം. ചെറിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോലും എക്സൈസ് വിവരം എന്‍സിബി, എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ അറിയിക്കാറുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ അത് ഉണ്ടാകാത്തതും സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ലഹരിക്കടത്ത് സംഘത്തിന്റെ നീക്കങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംസ്ഥാന എക്സൈസിന്റെ സഹകരണത്തോടെയാണ് കാക്കനാട് വാഴക്കാലയിലെ ഫഌറ്റില്‍ പരിശോധന നടത്തുകയും ലഹരി മരുന്ന് പിടികൂടുകയും ചെയ്തത്. കേസിന്റെ തുടര്‍ നടപടികള്‍ എക്സൈസിന്റെ കൈയിലെത്തിയതോടെ എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ സംശയിക്കുന്ന കേസായതിനാല്‍ തന്നെ എങ്ങനെയും ഒതുക്കുകയായിരുന്നു എക്സൈസിന്റെ ലക്ഷ്യം.
കന്നഡ സിനിമാരംഗത്തെ പിടിച്ചുലച്ച ബെംഗളൂരു ലഹരിമരുന്ന് കേസിലെ കണ്ണികള്‍ക്ക് കാക്കനാട് നിന്ന് പിടിയിലായവരുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത മുഖ്യപ്രതി എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് വ്യാപാരത്തിന് വിപുലമായ ശൃംഖലയുണ്ടെന്ന് എന്‍സിബി കണ്ടെത്തിയിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന പല മയക്കുമരുന്ന് വ്യാപാരത്തിന്റെ വേരുകളും വന്നുചേരുന്നത് കൊച്ചിയിലാണ്. അനൂപിന് പുറമെ തിരുവില്വാമല സ്വദേശി റിജീഷ് രവീന്ദ്രന്, കണ്ണൂര്‍ സ്വദേശി ജിംറീന്‍ അഷി എന്നിവര്‍ കേരളത്തില്‍ നടത്തിയ ഇടപാടുകളുടെ അന്വേഷണം നടക്കുമ്പോഴാണ് കൊച്ചി നിശാപാര്‍ട്ടിയുടെ മറവിലെ മയക്കുമരുന്ന് വ്യാപാരം കസ്റ്റംസ് കണ്ടെത്തിയത്. ഈ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാക്കനാട് സംഘത്തിന്റെ വിവരങ്ങള്‍ ലഭിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസങ്ങളായി ഇവര്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.
ബെംഗളൂരുവില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയാണ് കാക്കനാട് നിന്ന് പിടികൂടിയത്. കാക്കനാട് ലഹരിക്കടത്ത് നിലിവില്‍ അന്വേഷിക്കുന്ന എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗവും മയക്കുമരുന്ന് സംഘങ്ങളുടെ ഉന്നത ബന്ധങ്ങളിലേക്ക് പോകുന്നില്ല. സംഭവത്തില്‍ കുറ്റക്കാരായ എക്സൈസ് ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് ക്രൈംബ്രാഞ്ച് സംഘവും ശ്രമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: