ന്യൂദല്‍ഹി: സ്വതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ ജാലിയന്‍വാലാബാഗ് സംഭവത്തെ അനുസ്മരിക്കുന്ന, നവീകരിച്ച ജാലിയന്‍വാലാബാഗ് സ്മാരകം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. വൈകിട്ട് 6:25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പരിപാടി. സ്മാരകത്തിലെ മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
അധികമുള്ള, എന്നാല്‍ ഉപയോഗശൂന്യമായിരുന്ന കെട്ടിടങ്ങള്‍ അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തിയാണ് നാല് മ്യൂസിയം ഗാലറികള്‍ സൃഷ്ടിച്ചത്. ആ കാലഘട്ടത്തില്‍ പഞ്ചാബില്‍ നടന്ന സംഭവങ്ങള്‍ ചിത്രീകരിക്കുന്നവയാണ് ഈ ഗാലറികള്‍. പ്രൊജക്ഷന് മാപ്പിങ്, 3ഡി വിവരണം, ചിത്ര-ശില്‍പ്പ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഓഡിയോ-വിഷ്വല്‍ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചത്. 1919 ഏപ്രില്‍ 13ന് നടന്ന സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയും സജ്ജീകരിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ പ്രാദേശിക വാസ്തുവിദ്യാ ശൈലിയുമായി സമന്വയിപ്പിച്ചാണ് പൈതൃക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്തസാക്ഷിക്കിണര് പുനഃസ്ഥാപിച്ചു. ബാഗിന്റെ ഹൃദയമായ ജ്വാല സ്മാരകം നന്നാക്കി പുനഃസ്ഥാപിച്ചു. ജലാശയം താമരക്കുളമാക്കി. നടപ്പാതകള്‍ ഉപയോഗയോഗ്യമാക്കി. ദീപാലങ്കാരം, ലാന്റ്സ്കേപ്പിങ്, പൂന്തോട്ടത്തിലുടനീളം ശബ്ദസംവിധാനം എന്നിവയും സ്ഥാപിച്ചു. സാല്‍വേഷന്‍ ഗ്രൗണ്ട്, അമര്‍ ജ്യോത്, ഫ്ളാഗ് മസ്ത് എന്നിവയും രൂപപ്പെടുത്തി.
1919 ഏപ്രില്‍ 13ന് വൈശാഖി മഹോല്‍സവം ആഘോഷിക്കാന്‍ എത്തിയ ജനക്കൂട്ടത്തിലേക്ക് ബ്രിട്ടീഷ് ബ്രിഗേഡിയര്‍ ജനറല്‍ റജിനാള്‍ഡ് ഡയറിന്റെ നിര്‍ദ്ദേശ പ്രകാരം പട്ടാളം നിറയൊഴിക്കുകയായിരുന്നു. പാര്‍ക്കിന്റെ കവാടങ്ങള്‍ അടച്ച ശേഷമായിരുന്നു വെടിവയ്പ്പ്. നൂറു കണക്കിനാള്‍ക്കാരാണ് മരിച്ചുവീണത്. വെടിവയ്പ്പില്‍ നിന്ന് രക്ഷ തേടി കിണറ്റില്‍ ചാടിയവര്‍ അതില്‍ പെട്ട് മരിച്ചു. ഷഹീദി കിണര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: