കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് മുന്പില് 60 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയ ഐഎസ്ഐഎസ്-ഖൊറാസന്‍ ഗ്രൂപ്പിന് താലിബാനുമായി ബന്ധമുണ്ടെന്ന് അഫ്ഗാനിസ്ഥാന് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേ.
താലിബാനും കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹഖാനി തീവ്രവാദ ഗ്രൂപ്പിനും ഐഎസ് ഐഎസ്-ഖൊറാസന്‍ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇപ്പോള്‍ പഞ്ച് ശീര് പ്രവിശ്യയില്‍ താലിബാന് വിരുദ്ധപ്പോരാട്ടങ്ങള്ക്ക് നേതൃത്വം നല്കുന്ന അംറുള്ള സാലേ പറയുന്നു.
താലിബാന് ഐഎസ് ഐഎസുമായി ബന്ധമില്ലെന്ന് പറയുന്നത് പാകിസ്ഥാന് ക്വെറ്റ ഷൂറയുമായി ബന്ധമില്ലെന്ന് പറയുന്നതിന് തുല്ല്യമാണെന്നും അഫ്ഗാനിസ്ഥാനില്‍ താലിബാന് വിരുദ്ധസേനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അംറുള്ള സാലേ പറഞ്ഞു. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ക്വെറ്റ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വെറ്റ ഷൂറ അഫ്ഗാനിലെ താലിബാനുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ്.
ക്വെറ്റ ഷൂറ എന്നത് പാകിസ്ഥാനിലെ സൈനികസംഘം തന്നെയാണെന്നും അവരുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരു പേര് മാത്രമാണെന്നും അംറുള്ള സാലേ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: