ന്യൂദല്‍ഹി: ചെറിയ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. സോണിയ ഭക്തനും എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയയുടെ നേതൃത്വത്തിനെതിരേ തിരിയുകയും നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്ത ജി 23 എന്ന വിമതരും തമ്മിലാണ് വാക്പോര് രൂക്ഷമായത്. സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും കലഹം തുടങ്ങിയത്.
കൊവിഡ് മഹാമാരിക്കാലത്ത് ജി 23 നേതാക്കളെയൊന്നും കാണാനില്ലായിരുന്നുവെന്നും തങ്ങള്‍ക്ക് ഒരുപാട് നല്കിയ പാര്‍ട്ടിയെ അവര്‍ നശിപ്പിക്കരുതെന്നുമായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍. ഇതിനെതിരേ കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍ എന്നിവരടക്കമുള്ള ജി 23 നേതാക്കള്‍ തുറന്നടിച്ചു.
നിങ്ങള്‍ എടുത്തു ചാടും മുന്‍പ് ഒന്നു ചിന്തിക്കണം, സംസാരിക്കും മുന്‍പ് പറയാന്‍ പോകുന്നത് എന്തെന്ന് ആലോചിക്കണം, കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പലതും നേടിയവര്‍ പാര്‍ട്ടിയെ തകര്‍ക്കരുതെന്നാണ് പാര്‍ട്ടിയില്‍ അല്‍പ്പം സ്ഥാനമുള്ള ഒരു നേതാവ് പറഞ്ഞത്. പാര്‍ട്ടിക്കു വേണ്ടി സര്‍വ്വസ്വവും നല്കിയവരെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് ആ നേതാവ് മറന്നു. പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഞങ്ങളില്‍ പലരും. ഇന്ദിരാഗാന്ധിയുടെ കാലത്ത് പാര്ട്ടിവിട്ടവരാണ് മറ്റുപലരും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഞങ്ങള്‍ ഒന്നിച്ചത്. ക്രിയാത്മകമായ മാറ്റത്തിന്റെ ഏജന്റുമാരാണ് ഞങ്ങള്‍, പിന്നില്‍ നിന്ന് ഉന്തിയാല്‍ പോലും അനങ്ങാത്ത മടിയന്മാരെ പോലെയുള്ള തടസങ്ങളല്ല ഞങ്ങള്‍. കൊവിഡ്ക്കാലത്ത് ഞങ്ങള്‍ ചെയ്ത കാര്യങ്ങളെപ്പറ്റി ഖാര്‍ഗെക്ക് അറിയില്ല, സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്ന ജീവിതം മുഴുവന്‍ കോണ്‍ഗസിനു വേണ്ടി മാറ്റിവച്ചയാളാണ് ഞാന്‍, കോണ്‍ഗ്രസ് രാജ്യസഭാ ഉപാധ്യക്ഷനും പ്രവര്‍ത്തക സമിതി അംഗവുമായ ആനന്ദ് ശര്‍മ്മയും പ്രതികരിച്ചു. ഖാര്‍ഗെയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്, ശശി തരൂര്‍ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ പരസ്പരം ബഹുമാനിക്കണം, അദ്ദേഹം പറഞ്ഞു. മനീഷ് തിവാരിയും ഖാര്‍ഗെക്കെതിരേ പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: