ലീഡ്സ്: തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഫോമിലേക്കുയരാന്‍ ആയാസപ്പെടുന്ന ഇംഗ്ലണ്ടിനെ മെരുക്കി നിര്‍ത്താമെന്ന പ്രതീക്ഷയുമുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫോം ഒരു പ്രശ്നമാണ്. ദീര്‍ഘകാലത്തിനുശേഷം കോഹ്ലിയുടെ ബാറ്റും നൂറിലേക്ക് കുതിച്ചാല്‍ ഇന്ത്യക്ക്് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വിജയം എളുപ്പമാകും. ഹെഡിംഗ്ലി സ്റ്റേഡിയത്തില്‍ ഇന്ന് മൂന്നാം ടെസ്റ്റ് ആരംഭിക്കും. വൈകിട്ട്് 3.30 ന് കളി തുടങ്ങും.
ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. മൂന്നാം ടെസ്റ്റിലും ജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകില്ല.
ആധുനിക കാലത്തെ മഹാനായ ബാറ്റ്സ്മാനായ വിരാട് കോഹ്ലിയുടെ ബാറ്റിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ 2019 നവംബറിലാണ് കോഹ്ലി അവസാനമായി സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ ഇതുവരെ കോഹ്ലി അര്‍ധസെഞ്ചുറിപോലും നേടിയിട്ടില്ല. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യേണ്ടിവന്നില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 42 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 20 റണ്‍സുമാണ് നേടിയത്.
ആദ്യ രണ്ട് ടെസ്റ്റിലും ഓഫ് സ്റ്റമ്പിന് ചുറ്റുമുള്ള പന്തുകളാണ് കോഹ്ലിയെ വിഷമിപ്പിച്ചത്. ഈ പ്രശ്നം പരിഹരിച്ചാല്‍ കോഹ്ലിക്ക് മൂന്നക്കം കടക്കാനാകും. അതുവഴി ഇന്ത്യക്ക്് വിജയവും നേടാനാകും.
മധ്യനിര ബാറ്റ്സ്മാന്മാരായ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ ഫോമും ഇന്ത്യക്ക്് പ്രശ്നമാണ്. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇരുവരും ചേര്‍ന്ന് അമ്പത് ഓവര്‍ ബാറ്റ് ചെയ്തു. ഇതോടെയാണ് ടെസ്റ്റ് അഞ്ചാം ദിനത്തിലേക്ക്്് നീണ്ടത്. ഒടുവില്‍ പേസര്‍മാരുടെ മികവില്‍ ഇന്ത്യ വിജയവും സ്വന്തമാക്കി. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മ്മയും മികച്ച ഫോമിലാണ്. ഇവര്‍ മൂന്നാം ടെസ്റ്റിലും ഇന്നിങ്സ് തുറക്കും.
ലീഡ്സില്‍ തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ ഇന്ത്യ നാല് പേസര്‍മാരെ മൂന്നാം ടെസ്റ്റിനിറക്കും. അതിനാല്‍ സ്പിന്നര്‍ ആര്. അശ്വിന് ടീമില്‍ ഇടം കിട്ടാന്‍ സാധ്യതയില്ല. പേസര്‍ ഷാര്‍ദുല്‍ താക്കുര്‍ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെങ്കിലും അവസാന ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നാണ് സൂചന. ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന പേസര്‍ ഇഷാന്ത് ശര്‍മ്മ ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ശര്മ്മയ്ക്ക്്് പുറമെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാരും ഇന്ന് കളിക്കളത്തിലിറങ്ങും.
പരമ്പരയില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ബാറ്റിങ്ങാണ് പ്രധാന പ്രശ്നം. ക്യാപ്റ്റന്‍ ജോ റൂട്ട്് മാത്രമാണ് രണ്ട് ടെസ്റ്റിലും ഭംഗിയായി ബാറ്റ് ചെയ്തത്. ബാറ്റിങ് ശക്തമാക്കാന്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റായ ഡേവിഡ് മലാനെ ടീമിലേക്ക്് തിരിച്ചുവിളിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് മലാന് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്.
മൂന്നാമനായി മലാന് ക്രീസിലിറങ്ങും. ഹസീബ് ഹമീദും റോറി ബേണ്‍സുമാണ് ഇന്നിങ്സ് തുറക്കുക. രണ്ടാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച പേസര്‍ മാര്‍ക്ക് വുഡിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. പരിക്കിനെ തുടര്‍ന്നാണ് വുഡിനെ ഒഴിവാക്കിയത്. പുതുമുഖമായ പേസര്‍ സാക്കിബ് മെഹ്മമൂദ് ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: