ന്യൂദല്‍ഹി: സൈന്യത്തില്‍ വനിതകള്‍ക്ക് കേണല്‍ പദവി. കരസേനയില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കിയ അഞ്ച് വനിതകള്‍ക്കാണ് സെലക്ഷന് ബോര്‍ഡ് കേണല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്.
സൈന്യത്തിന്റെ സിഗ്നല്‍ വിഭാഗത്തിലെ ലഫ്. കേണല്‍ സംഗീത സര്‍ദാന, ഇഎംഇ വിഭാഗത്തിലെ ലഫ്. കേണല്‍മാരായ സോണിയ ആനന്ദ്, നവനീത് ദുഗ്ഗല്‍, എന്‍ജിനീയറിങ് വിഭാഗത്തിലെ ലഫ്. കേണല്‍മാരായ റിച്ച സാഗര്‍, റീനു ഖന്ന എന്നിവരെയാണ് കേണല്‍ പദവിയിലേക്ക് തിരഞ്ഞെടുത്തതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഈ വിഭാഗങ്ങളില്‍ നിന്നുള്ള വനിതകള്‍ക്ക് കേണല്‍ പദവി നല്‍കുന്നത്.
നേരത്തെ സൈന്യത്തിലെ മെഡിക്കല്‍, ജഡ്ജ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കായിരുന്നു കേണല്‍ പദവി നല്‍കിയിരുന്നത്. കൂടുതല്‍ വിഭാഗങ്ങളിലെ വനിതകള്‍ക്ക് കേണല്‍ പദവി നല്‍കുന്നത് വഴി സൈന്യത്തില്‍ അവര്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ സൂചനയാണിത്. സൈന്യത്തിലെ ലിഗംസമത്വവും ഈ നീക്കത്തിലൂടെ വ്യക്തമാകുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: