കൊച്ചി: കൊച്ചിയിലെ വന്‍ ലഹരിമരുന്ന് വേട്ടയ്ക്കു ശേഷമുള്ള അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലഹരി സംഘത്തില്‍ നിരവധി സ്ത്രീകളുമുണ്ടെന്ന് എക്സൈസ് അറിയിച്ചു. വന്‍തോതിലുള്ള ലഹരി കൈമാറ്റത്തിന് സംഘങ്ങള്‍ ഉപയോഗിക്കുന്നത് സ്ത്രീകളെയാണ്. ലഹരി സെക്സ് റാക്കറ്റുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആളുകളെ ആകര്‍ഷിക്കുകയെന്നത് അടക്കമുള്ള പല തന്ത്രങ്ങളും ലഹരി സംഘങ്ങള്‍ക്ക് ഇതിലൂടെ സാധിച്ചു. റാക്കറ്റുകളുടെ ഭാഗമായിട്ടുള്ള യുവതികളെല്ലാം ലഹരിക്ക് അടിമകളാണെന്നും എക്സൈസ് പറഞ്ഞു.
ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റുകളുമായാണ് പലരും നഗരത്തില്‍ തങ്ങുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ലഹരി കടത്താന്‍ ഇവരെ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളായതിനാല്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നില്ലന്നതും ഇവര്‍ക്ക് ഗുണമായി. സുഹൃദ് ബന്ധങ്ങള്‍ വഴിയാണ് പലരും ഇവിടേക്ക് എത്തുന്നത്. ലോക്ഡൗണ്‍ മൂലം പലരുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നഗരത്തില്‍ താമസിച്ച് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയുമായി. അങ്ങനെയുള്ളവരും ലഹരി കടത്ത് സംഘത്തിലെത്തി.
സംഭവത്തില്‍ എക്സൈസ് അന്വേഷണം വിപുലമാക്കി. അന്തര്‍ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്കുള്ള ബന്ധവും സ്ഥിരീകരിച്ചു. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമെന്നും വ്യക്തമായി. ബെംഗളൂരു, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ ലഹരിമരുന്ന് മാഫിയകളുമായി കൊച്ചിയില്‍ പിടിയിലായ സംഘത്തിന് ബന്ധമുണ്ട്. ഒറ്റദിവസം കൊണ്ട് രണ്ട് കിലോയോളം സിന്തറ്റിക് മയക്കുമരുന്നാണ് എക്സൈസ് സംഘം കൊച്ചിയില്‍ പിടികൂടിയത്. പത്ത് കോടി രൂപ വിലമതിക്കുന്നതാണ് മയക്കുമരുന്നെന്ന് എക്സൈസ് പറഞ്ഞു. ചെന്നൈയിലെയും കൊച്ചിയിലെയും ഗുണ്ടാ നേതാക്കന്മാരും ഇവര്‍ക്ക് അടുപ്പമുണ്ട്. പല ഗുണ്ടാസംഘങ്ങളും ലഹരിമരുന്ന് കടത്തിന് എസ്കോര്‍ട്ട് നല്‍കുന്നുണ്ട്.
വയനാട്ടിലും ഇടുക്കിയിലും എക്സൈസ് പരിശോധന
മരുന്ന് പിടികൂടിയ കേസില്‍ വയനാട്ടിലും ഇടുക്കിയിലും എക്സൈസ് പരിശോധന. അറസ്റ്റിലായവരുടെ ഡയറിയില്‍ പേരുള്ള ആറു പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട്ടെ രണ്ട് ഫഌറ്റുകളില്‍ നിന്നായി 10 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയത്. യുവതികള്‍ അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ വയനാട് വൈത്തിരിയിലും ഇടുക്കിയിലുമടക്കം എക്സൈസ് പരിശോധന നടത്തി. എന്നാല്‍, അന്വേഷണസംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്നവര്‍ കടന്നു. ഡയറിയില്‍ പേരുണ്ടായിരുന്ന കൂടുതല്‍ ആളുകളുടെ വീടുകളിലും റിസോര്‍ട്ടുകളിലും വരും ദിവസവും എക്സൈസ് പരിശോധന നടത്തും. നിലവില്‍ പിടിയിലായവരെ ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എക്സൈസ് അപേക്ഷ നല്കി. 24ന് എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: