മാന്നാര്‍: ആറന്മുള ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി വള്ളസദ്യയിലും എല്ലാ വര്‍ഷവും മുടങ്ങാതെ പങ്കെടുത്തു കൊണ്ടിരുന്ന ചെന്നിത്തല പള്ളിയോടം ഇത്തവണ ആറന്മുളയിലേക്ക് ഇല്ല. കോവിഡ് മഹാമാരി കാരണം ആറന്മുള ജലമേളയും വള്ളസദ്യയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്.
ആറന്മുളയിലെ 52 പള്ളിയോടങ്ങളില്‍ ഏറെ ദൂരം താണ്ടി ആറന്മുളയിലെത്തി ഭഗവത് ദര്‍ശനം നടത്തി വന്ന ചെന്നിത്തല പള്ളിയോടത്തിന് ആചാര അനുഷ്ഠാനങ്ങള്‍ ഏറെയാണ്. ചെന്നിത്തല മുതല്‍ അച്ചന്‍കോവില്‍, കുട്ടമ്പേരൂര്‍, പമ്പ, എന്നീ നദികളുടെ തീരത്തുള്ള നിരവധി ഭക്തജനങ്ങള്‍ക്ക് പള്ളിയോട ദര്‍ശനവും വഴിപാട് സമര്‍പ്പണവും നടത്താന്‍ ഇത്തവണ സാധിക്കില്ല.
എന്നാല്‍ ഇത്തവണ ആറന്മുള യാത്ര ഇല്ലെങ്കിലും ചെന്നിത്തല പള്ളിയോട കടവില്‍ 23, 24 തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ നിറപറ വഴിപാടുകള്‍ മാത്രം സ്വീകരിക്കുന്നതാണെന്നും ഉത്രട്ടാതി നാളില്‍ മുന്‍പതിവുപോലെ ആറന്മുള ഭഗവാന് സമര്‍പ്പിക്കുവാനുള്ള തിരുമുല്‍ക്കാഴ്ചയുമായി കരനാഥന്മാര് കരമാര്‍ഗ്ഗം ആറന്മുളയിലേക്ക് പോകുന്നതാണ് എന്നും കരയോഗം പ്രസിഡന്റ് അനില്‍ വൈപ്പുവിള, സെക്രട്ടറി കെ.എസ്. ശശീന്ദ്രന് പിള്ള എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: