ഇന്ന് ഒന്നാം ഓണം. മാവേലി നാട്ടിലെ സമത്വ സുന്ദരമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മകള്‍ കൊണ്ടുവരുന്ന ഓണം മലയാളികള്‍ക്ക് എല്ലാം മറന്ന് ആഘോഷിക്കാനുള്ളതാണ്. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചും ഓണം ആഘോഷിക്കുക എന്നത് ശരാശരി മലയാളിയുടെ നിര്‍ബന്ധങ്ങളിലൊന്നും അവന്റെ ആനന്ദവുമാണ്. പ്രളയത്തിലും കൊവിഡ് മഹാമാരിയിലും അകപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷമായി മലയാളികളുടെ ഓണാഘോഷത്തിന് മങ്ങലേല്ക്കുകയുണ്ടായി. ആളുകള്‍ക്ക് കൂടിച്ചേരാന്‍ അവസരം ഇല്ലാതായതോടെ എല്ലാത്തരം ആഘോഷങ്ങളും അവരില്‍നിന്ന് അകന്നുനില്‍ക്കുകയാണ്. ഓണാഘോഷം ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ചകളുടെ ഉത്സവമായി മാറാറുള്ള ചാനലുകള്‍ക്കുപോലും പുതിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ഓണാഘോഷം പങ്കുവയ്ക്കാനുള്ള യാത്രകള്‍ ഇല്ലാതാവുകയോ കുറയുകയോ ചെയ്തിരിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് ഓണവിപണി പതിവുപോലെ ഉണര്‍ന്നിട്ടില്ല. പൂവിപണികള്ക്ക് നിറം മങ്ങിപ്പോയിരിക്കുന്നു. ഓണക്കോടിയെടുക്കാന്‍ ചെറുതും വലുതുമായ തുണിക്കടകളില്‍ കണ്ടുവരാറുള്ള തിരക്കുകള്‍ ഇപ്പോള്‍ നേര്ത്തുപോയിരിക്കുകയാണ്. ആഗ്രഹിക്കുന്നതുപോലെ ഓണം ആഘോഷിക്കാനാവാത്തതിന്റെ നിരാശ ആബാലവൃദ്ധം ജനങ്ങളിലും പ്രകടമാണ്.
പ്രതികൂല സാഹചര്യത്തിലും ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുന്നവരാണ് മലയാളികള്‍. ഇപ്പോള്‍ അതിനുപോലും കഴിയുന്നില്ല. ഒരു ചെറിയ വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ കൊവിഡ് മൂലം തൊഴില്‍ നഷ്ടമായതിനാല്‍ ആളുകള്‍ക്ക് വരുമാനം തീരെ കുറയുകയോ നിലച്ചുപോവുകയോ ചെയ്തിരിക്കുന്നു. പൊതുവായ അനിശ്ചിതാവസ്ഥകൊണ്ട് പണമുള്ളവര്‍ പോലും കയ്യയച്ച് ചെലവഴിക്കാന്‍ മടിക്കുന്നു. ഇതിനുപുറമെയാണ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന ഭരണം ജനജീവിതത്തെ മറ്റു തരത്തില്‍ ദുസ്സഹമാക്കുന്നത്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന ഓണക്കിറ്റുകളുടെ വിതരണം എങ്ങുമെത്തിയിട്ടില്ല. സാധനങ്ങളുടെ എണ്ണം കുറച്ചും അളവുകുറച്ചും നല്കുന്ന ഓണക്കിറ്റുകള്‍ ഓണത്തിനു മുന്‍പ് വിതരണം പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അര്‍ഹമായ വലിയൊരു വിഭാഗത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. കള്ളവും ചതിയും കള്ളപ്പറയുമൊന്നുമില്ലാത്ത പൗരാണികമായ ഒരു കാലത്തെ ഭരണത്തിന്റെ ഓര്‍മകളെപ്പോലും അശുദ്ധമാക്കുന്ന വിധത്തില്‍ അഴിമതികളും സ്വജനപക്ഷപാതവുമാണ് മാവേലിയുടെ നാട്ടില്‍ ഇന്ന് നടമാടുന്നത്. പൊളിവചനങ്ങള്‍ ഭരണാധികാരികളുടെ മുഖമുദ്രയാവുമ്പോള്‍ ജനങ്ങള്‍ നിരന്തരം വഞ്ചിക്കപ്പെടുന്നു. ഭരണാധികാരിയുടെ കടമ ജനക്ഷേമമാണെന്ന മഹാബലിയുടെ പാഠം വിസ്മരിക്കപ്പെടുകയാണ്.
ആഘോഷിക്കപ്പെടുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. അത്തം മുതല്‍ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കി കുട്ടികള്‍ ഓണത്തിന്റെ ഓര്‍മകളെ സജീവമാക്കിയിരിക്കുന്നു. ‘ഓണം പൊന്നോണം’ എന്ന പരിപാടിയിലൂടെ തപസ്യ കലാസാഹിത്യ വേദി പോലുള്ള സംഘടനകള്‍ ഓണ്‍ലൈനായി പൂക്കള മത്സരമൊരുക്കി ഓണാഘോഷത്തിന് പങ്കാളിത്തം ഉറപ്പുവരുത്തുന്നത് ഒരു സൗഭാഗ്യമാണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പലവിധ നിയന്ത്രണങ്ങളും നിലവിലുണ്ടെങ്കിലും സ്വന്തം വീടുകളില്‍ ഓണാഘോഷത്തിന് ആരും വിലക്കു കല്‍പ്പിച്ചിട്ടില്ല. അതേസമയം കൂട്ടംകൂടിയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. പൂക്കളമിടുന്നതുപോലെ ഓരോ വീടുകളിലും ഊഞ്ഞാലു കെട്ടിയും ഓണപ്പാട്ടുകള്‍ പാടിയും ഓണസദ്യയൊരുക്കിയുമൊക്കെ ആഘോഷങ്ങള്‍ കൊഴുപ്പിക്കാനാവും. ഒരു ഓണക്കോടിയെങ്കിലും വാങ്ങിക്കൊടുത്ത് കുട്ടികളെ സന്തോഷിപ്പിക്കാന്‍ കഴിയണം. ഇപ്പോള്‍ പ്രചാരത്തിലുള്ള ഓണക്കളികള്‍ മുതിര്‍ന്നവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാനുമാവും. ചുരുക്കത്തില്‍ ഓണംകേറാ മൂലകള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടാവരുത്. കൊവിഡ് കാലത്ത് പഠനം മുഴുവന്‍ ഓണ്‍ലൈനായതോടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ‘ഡിജിറ്റല്‍ സ്ട്രെയിന്‍’ ഒഴിവാക്കാന്‍ ഇത് സഹായകമാവും. മഹാമാരിയകന്ന് ഒത്തുചേരാനും ആഘോഷിക്കാനും കഴിയുന്ന കാലം എത്രയും വേഗം വന്നണയുമെന്ന പ്രതീക്ഷയോടെ എല്ലാ വായനക്കാര്‍ക്കും ജന്മഭൂമി ഓണാശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: