കപില്‍ ദേവ്
(മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍)
രാജ്യത്തെ ഏതെങ്കിലും പ്രധാനമന്ത്രിമാരില്‍ ആരെങ്കിലും ഒരാള്‍, നമ്മുടെ രാജ്യത്ത് ഒരു കായിക സംസ്കാരം രൂപപ്പെടുത്തണമെന്നോ, കുട്ടികളിലെ കായിക വാസനയെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായോ വ്യക്തമല്ല. ഒരുപക്ഷേ, മോദിജിയായിരിക്കും ഇപ്രകാരം ആദ്യം ചെയ്തിട്ടുണ്ടാവുക. അദ്ദേഹം മാതാപിതാക്കളോട് സ്പോര്‍ട്സ് പ്രോത്സാഹിപ്പിക്കണം എന്ന് മാത്രമല്ല ആവശ്യപ്പെട്ടിട്ടുള്ളത്. അതെങ്ങനെയാവണമെന്നും കാണിച്ചുതന്നു. സ്പോര്‍ട്സിനോടും കായികതാരങ്ങളോടുമുള്ള അഭിരുചി പ്രകടമാക്കിക്കൊണ്ടാണ് നരേന്ദ്രമോദി മാതൃക സൃഷ്ടിച്ചത്.
ഒരു കായികതാരത്തിന്റെ വിജയത്തിലാണ് ജനങ്ങളുടെ ശ്രദ്ധ. ആരെങ്കിലും പരാജയപ്പെട്ടാല്‍ ജനം അവരെ മറക്കും. കായികതാരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന്റെ ജയപരാജയങ്ങളെയല്ല, കഠിനപ്രയത്നത്തെ ജനങ്ങള്‍ മാനിക്കുക എന്നതാണ്. മോദിജിയുടെ പ്രവര്‍ത്തികളില്‍ ഇത് വ്യക്തമാണ്. അദ്ദേഹം കായികതാരങ്ങളുടെ പ്രയത്നത്തെ ബഹുമാനിക്കുന്നു. മെഡലുകള്‍ അനിവാര്യമായി കണക്കാക്കുന്നുമില്ല.
ഹോക്കി താരം പി.ആര്. ശ്രീജേഷ് സുപ്രധാനമായ നിരീക്ഷണമാണ് പ്രധാനമന്ത്രിയെക്കുറിച്ച് നടത്തിയത്. ടീം വിജയിക്കുമ്പോഴാണ് കൂടുതല്‍ ആളുകളും വിളിച്ച് അഭിനന്ദിക്കുക. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ടീം പരാജയപ്പെട്ട സമയത്തും വിളിച്ച് ആശ്വസിപ്പിച്ചു. അത് അവരെ സംബന്ധിച്ചും അര്‍ത്ഥവത്താണ്.
ഗുസ്തി താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടപ്പോള്‍ അവരോട് പ്രധാനമന്ത്രി സംസാരിച്ച രീതി ഉദാഹരണം. മെഡല്‍ നേടാനാവാതെ പരാജയപ്പെട്ട, ദുഃഖിതയായ വിനേഷിനോട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ അവര്‍ക്ക് എന്നും പ്രേരണാദായകമാണ്. വിജയം നിങ്ങള്‍ക്ക് തലക്കനമുണ്ടാക്കാന്‍ അനുവദിക്കരുത്. അതേപോലെ പരാജയം നിങ്ങള്‍ക്ക് ഹൃദയഭാരവുമാകരുത് എന്നാണ് മോദിജി പറഞ്ഞത്. അത് ഋഷി തുല്യനായ ഒരാളുടെ ഉപദേശമാണ്.
അത് ഒരാള്‍ക്ക് മാത്രമുള്ളതല്ല. മെഡല്‍ നേടാനാവാതെ പോയ അനേകം പേര്‍ക്കുള്ള ഉപദേശമാണ്. വളരെയേറെ പ്രതീക്ഷകളോടെയാണ് അത്ലറ്റുകള് ഒളിമ്പിക്സില്‍ മത്സരിക്കാനിറങ്ങുന്നത്. അവരുടെ പ്രതീക്ഷകള്‍ തകര്ന്നുപോയാല്, അവര്‍ സ്വയം ശിക്ഷിക്കുന്ന രീതിയിലേക്ക് മാറും. അത്തരത്തില്‍ തനിച്ചാകുന്ന സമയം, അവര്‍ക്കൊരു പിന്തുണയും താങ്ങും ആവശ്യമാണ്. ഒരു രാജ്യത്തെ മുഴുവന്‍ അവര്‍ക്കൊപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രിയേക്കാള്‍ മികച്ചൊരു വ്യക്തിയുണ്ടോ?
അതൊരു അയത്നലളിതമായ ആശ്വസിപ്പിക്കലാണ്. സ്വാഭാവികമായ രീതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങളോട് സംവദിക്കുന്നതും. ഒട്ടുമിക്ക അത്ലറ്റുകളുടേയും പേര് അദ്ദേഹത്തിന് മനഃപാഠമാണ്. വനിത ബോക്സര്‍ ലവ്ലീനയുടെ അമ്മയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന് അറിയാം. ദ്യുതി ചന്ദിന്റെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ച് മോദിജി സംസാരിച്ചിട്ടുണ്ട്്. ഗൗരവം കുറച്ച്, കൂടുതല്‍ ഉന്മേഷവാനായി ഇടപെടണമെന്നാണ് അദ്ദേഹം രവി ദഹിയയോട് പറഞ്ഞത്.
അത്ലറ്റുകളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല പ്രധാനമന്ത്രിക്ക് ധാരണയുള്ളത്. അദ്ദേഹം ഒളിമ്പിക്സിനെ സസൂക്ഷ്മം നീരീക്ഷിക്കുകയും ഓരോ കായികയിനത്തിന്റേയും വൈവിധ്യത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. അതല്ലായിരുന്നുവെങ്കില്‍ ബജ്രംഗ് പുനിയയ്ക്ക് തുടര്‍ച്ചയായി നേരിട്ട പരിക്കുകളെക്കുറിച്ചും, രവി ദഹിയയ്ക്ക് എതിരാളിയില്‍ നിന്നേറ്റ പല്ലുകൊണ്ടുള്ള ആക്രമണത്തെക്കുറിച്ചും, ജാവലിന്‍ ത്രോയില്‍ വിജയിയായത് എങ്ങനെയാണ് അറിഞ്ഞതെന്ന് നീരജ് ചോപ്രയോടും ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. അത്ലറ്റിനെ സംബന്ധിച്ച്, പ്രധാനമന്ത്രി അവരുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുകയും അതോര്‍മ്മിക്കുകയും ചെയ്തു എന്നത് അഭിമാന നിമിഷമാണ്.
സര്‍ക്കാര്‍ കായികതാരങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയില്‍ കായികതാരങ്ങള്‍ കാഴ്ച്ചക്കാരായി ഇരിക്കുകയാണ് പതിവ്. രാഷ്ട്രീയക്കാരുടെ പ്രസംഗമാണ് അവിടെ പ്രധാനം. കായികരംഗത്തെ വലയം ചെയ്ത് ഒരു രാഷ്ട്രീയ സംസ്കാരം ഉടലെടുക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അത് ഏറെ ദുഖകരമാണ്. കായികതാരങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല എന്ന സന്ദേശമാണ് അത് നല്‍കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പ്യന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവിടെ ഔപചാരികതയോ പ്രഭാഷണമോ ഒന്നും ഉണ്ടായില്ല.
പ്രധാനമന്ത്രി തന്നെയാണ് ചില അത്ലറ്റുകള്‍ക്ക് വേണ്ടി മൈക്ക് പിടിച്ചത്. അവര്‍ക്കും പ്രാധാന്യമുണ്ടെന്നും അവര്‍ പറയുന്നതിലും കാര്യമുണ്ടെന്നുമുള്ള വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ലഭിച്ചത്.
ഇന്ത്യക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ കായികതാരങ്ങളിലേക്കാണ് ശ്രദ്ധ ഊന്നേണ്ടതെന്നും രാഷ്ട്രീയക്കാരിലേക്കോ, ഉദ്യോഗസ്ഥവൃന്ദങ്ങളിലേക്കോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കായികലോകത്തുള്ള യുവജനതയ്ക്ക് അതൊരു സുപ്രധാന സന്ദേശമാണ്.
വ്യത്യസ്ത കായിക ഇനങ്ങളില്‍ ഇന്ത്യ ഉയര്‍ന്നു വന്നതും നേട്ടം കൈവരിച്ചതും പ്രധാനമന്ത്രി പ്രകടിപ്പിച്ച താല്പര്യം കൊണ്ടാണ്. മെഡല്‍ നേടിയോ ഇല്ലയോ എന്നതിലല്ല കാര്യം. ആയിരുന്നുവെങ്കില്‍ മോദിക്ക് സി.എ. ഭവാനി ദേവിയുടെ സംഭാവനകളെക്കുറിച്ച് പരാമര്‍ശിക്കേണ്ട ആവശ്യമില്ലായിരുന്നു. വിജയിച്ചില്ലെങ്കിലും ഫെന്‍സിങില്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഭവാനിക്ക് സാധിച്ചു എന്നതിലാണ് കാര്യം.
നീരജ് ചോപ്രയ്ക്ക് ചുര്‍മയും പി.വി. സിന്ധുവിന് ഐസ്ക്രീമും നല്കി സത്കരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം വൈറലായി. രാജ്യത്തെ നയിക്കുന്ന ഒരു നേതാവ് സ്പോര്‍ട്സിനും കായിക സംസ്കാരത്തിനും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയുന്നു.
ഇന്ത്യയിലെ വളര്‍ന്നുവരുന്ന കായിക താരങ്ങളെ സംബന്ധിച്ച് ഇത് വളരെയേറെ പ്രതീക്ഷ നല്കുന്നു. അവരും അമൂല്യമാണെന്നും ബഹുമാനിക്കപ്പെടുമെന്നും തിരിച്ചറിവുള്ളവരാകുന്നു. ഒരു കായിക സംസ്കാരത്തെ രൂപപ്പെടുത്തിയെടുക്കേണ്ടതും ഇത്തരം പ്രോത്സാഹനത്തിലൂടെയാണ്. മോദിജിയുടെ പ്രധാന സവിശേഷതയും ഇതാണ്. എന്റെ കായിക ലോകത്തെ സഹോദരങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് ലഭിക്കുന്ന ഈ സ്നേഹവും വാത്സല്യവും കാണുമ്പോള്‍ ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ ഏറെ വികാരാധീനനും സന്തോഷവാനുമാണ്. ഭാവിയില്‍ നമുക്ക് ഏറെ മെഡലുകള്‍ നേടാന്‍ സാധിക്കും എന്നു കൂടി ഞാന്‍ പറയട്ടെ.
കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം. സ്പോര്‍ട്സ് ഉത്പന്നങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കുകയും വേണം. മോദിജി, അങ്ങ് കായികലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: