കാബൂള്‍: അഫ്ഗാനിസ്ഥാന്റെ ദേശീയ പതാക ഉയര്‍ത്തിയ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേ.
അഫ്ഗാനിസ്ഥാനില്‍ നഗ്നമായ ഇടപെടല്‍ നടത്തിയതിന് പാകിസ്ഥാനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. താലിബാനെതിരായ ചെറുത്തുനില്പിന്റെ മുഖമാണ് ഇപ്പോള്‍ മുന്‍ അഫ്ഗാന് വൈസ് പ്രസിഡന്റ് അംറുള്‍ സാലേ. ആഗസ്ത് 15ന് കാബൂള്‍ പിടിച്ച ശേഷം അഫ്ഗാനിസ്ഥാന് ദേശീയ പതാക പ്രധാന കെട്ടിടങ്ങളില്‍ നിന്നെല്ലാം താലിബാന് നീക്കം ചെയ്തു. പകരം താലിബാന്റെ പതാക സ്ഥാപിക്കുകയും ചെയ്തു.
അതേ സമയം ജലാലബാദ്, ഖോസ്റ്റ് എന്നീ നഗരങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ താലിബാനെതിരെ ശക്തമായി പ്രതിഷേധിച്ചു. താലിബാന്റെ കൊടി നീക്കം ചെയ്ത് ചിലര്‍ ജലാലാബാദില്‍ അഫ്ഗാന് കൊടി ഉയര്‍ത്തുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് താലിബാന് തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ മൂന്ന് അഫ്ഗാന് പൗരന്മാര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.
‘എന്റെ രാജ്യത്തെ അഭിമാനികളായ ജനങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് നടത്തിയ ധീരവും രാജ്യസ്നേഹപരവുമായ നീക്കത്തെ അഭിനന്ദിക്കുന്നു. ഏതാനും പേര് ഇതില്‍ രക്തസാക്ഷികളായി. ദേശീയ പതായ വഹിച്ചവരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,’ സാലേ ട്വിറ്ററില്‍ കുറിച്ചു.
താലിബാന് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കിയ പാകിസ്ഥാനെ അദ്ദേഹം വിമര്‍ശിച്ചു. പാകിസ്ഥാന്റെ പ്രത്യേക സേനയാണ് പെഷവാറിലും ക്വെറ്റയിലും താലിബാന് സഹായം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അംറുള്ള സാലേ.ഇപ്പോള്‍ താജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്. അവിടെ നിന്നുകൊണ്ട് താലിബാനെതിരെ അഫ്ഗാന് ജനതയെ സംഘടിപ്പിക്കുകയാണ് അംറുള്ള സാലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: