തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരിയിൽ വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് നഗരസഭ ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരെ നടപടി എടുത്തത്. ഈ മാസം ഒന്നാം തീയതിയാണ് അല്‍ഫോണ്‍സിയയുടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ചത്. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാര്‍ അതിക്രമം കാട്ടിയത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് നശിപ്പിച്ചത്. കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൊക്കെ വലിയ ചര്‍ച്ചയായിരുന്നു.
സംഭവം വിവാദമായതോടെ നഗരസഭ രണ്ടംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. സമിതി ആരോപണ വിധേയരായ ജീവനക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇന്ന് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്. താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച് അല്‍ഫോന്‍സ വിൽപ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭ വാദിച്ചത്. സ്ഥലത്ത് കച്ചവടം നടത്തരുതെന്ന് പല തവണ അവരോട് ആവശ്യപ്പെട്ടിരുന്നു. കച്ചവടം കഴിഞ്ഞുള്ള മീന്‍ മുഴുവന്‍ ഇവര്‍ ഓടയില്‍ കളയുകയും വെള്ളം റോഡില്‍ ഒഴിക്കുന്നതും പതിവാണ്. അധികൃതര്‍ ചെല്ലുമ്പോള്‍ അവര്‍ നിലത്തുകിടന്ന് ഉരുണ്ട് പ്രതിഷേധിക്കുന്നത് പതിവാണ്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ തെറ്റില്ലെന്നുമാണ് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയത്.
അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മീന്‍ നശിപ്പിക്കരുതെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കേട്ടില്ലെന്ന് അല്‍ഫോന്‍സ പറഞ്ഞു. താന്‍ ഓപ്പറേഷന് കഴിഞ്ഞ രോഗിയാണ്. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് കച്ചവടത്തിന് വന്നതെന്നുമാണ് ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: