ന്യൂദല്‍ഹി: ”ശ്രീജേഷ് പഞ്ചാബി പഠിച്ചു കാണുമല്ലോ’. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ചോദ്യത്തിനു മുന്നില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഗോള്‍ കീപ്പര്‍ പതറിയില്ല.
” കുറച്ചൊക്കെ പഠിച്ചു. ഇനി അവരെ മലയാളം പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കും’ മറുപടി കേട്ട് നരേന്ദ്രമോദി ഉറക്കെ ചിരിച്ചു. തൊഴുതുനിന്ന് പി ആര് ശ്രീജേഷും.
ടോക്കിയോ ഒളിംപിക്സില്‍ രാജ്യത്തിന്റെ അഭിമാന താരങ്ങളായവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയില്‍. ഒരുക്കിയ വിരുന്നിനിടയിലായിരുന്നു കുശലാന്വേഷണം.
കളി കഴിഞ്ഞയുടന്‍ എങ്ങനെയാണ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിയതെന്നും പ്രധാനമന്ത്രി ആരാഞ്ഞു. ”21 വര്‍ഷമായിട്ട് ഞാന്‍ ഗോള്‍ പോസ്റ്റിന്റെ മുന്നിലായിരുന്നു. മെഡല്‍ നേടിയ ആവേശത്തില്‍ എനിക്ക് തോന്നിയത് ഗോള്‍ പോസ്റ്റിന് മുകില്‍ കയറി ആഘോഷിക്കാനാണ്. അങ്ങനെ പോസ്റ്റില്‍ ചവിട്ടി വലിഞ്ഞു കയറി.” എന്ന മറുപടിയും നരേന്ദ്രമോദി ആസ്വദിച്ചു.
പ്രധാനമന്ത്രിയുമായുള്ള നിമിഷങ്ങള്‍ വളരെ ആഹാളാദകരമായിരുന്നു എന്ന പറഞ്ഞ ശ്രീജേഷ്, അദ്ദേഹം സാധാരണക്കാരനെപ്പോലെ അടുത്തിടപെട്ടതായും പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകളൊക്കെ ഏറെ സന്തോഷിപ്പിച്ചു.ഹോക്കി ടീം പരിശീലകനെ പത്യേകം അഭിനന്ദിച്ചു. ഇന്ത്യയിലെ എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയിരുന്നു മെഡലായിരുന്നു ഹോക്കിയിലേത്. ഹോക്കി ജയിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് മോദി പറഞ്ഞു. ഖേല്‍രത്നയ്ക്ക് ധ്യാന്‍ ചന്ദിന്റെ പേര് നല്കിയതും സൂചിപ്പിച്ചു. ബജ്രംഗിന്റെ കാല്‍മുട്ട്, ലവ്ലിനയുടെ അമ്മ, ശ്രീജേഷ് പോസ്റ്റില്‍ ഇരുന്നത്, രണ്ടാമത്തെ ഏറിന് ശേഷം നീരജ് ആഘോഷിച്ചത്, സെമി തോല്‍വിയില്‍ ദഹിയ സഹതാരങ്ങളെ ആശ്വസിപ്പിച്ചത്…
തുടങ്ങി എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി എടുത്തെടുത്ത് പറഞ്ഞു. ഒരു കടുത്ത കായിക പ്രേമി മാത്രം ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ പോലും പ്രധാനമന്ത്രിയുടെ കഴിവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങള്‍ നല്‍കിയും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച രസകരമായാണ് അവസാനിച്ചത്
മറ്റെന്തിനെക്കാളും സ്പോര്‍ട്സിനെയും സ്പോര്‍ട്സ് താരങ്ങളെയും സ്നേഹിക്കണമെന്നും താരങ്ങളെയും അവരുടെ നേട്ടങ്ങളെയും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്പോര്‍ട്സ് ഒരു രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മനസ്സിലാക്കണം. 2016ല്‍ തന്നെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്കരിച്ചു. അതിന്റെ ഫലമാണ് എല്ലാവരിലും കണ്ടത്. ഉന്നത കായിക താരങ്ങള്‍ കടന്നുപോകുന്ന മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ മനസ്സിലാക്കണം. മെഡല്‍ ഇല്ലെങ്കിലും അവര്‍ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. പലരും ഇത് മനസ്സിലാക്കുന്നില്ല. ഒരു താരം വിജയിക്കുമ്പോള്‍ മാത്രമേ എല്ലാവരും പുകഴ്ത്തൂ. അവര്‍ വിജയിക്കാന്‍ നടത്തുന്ന കഠിനാധ്വാനത്തെ ആരും വിലമതിക്കുന്നില്ല. അവരുടെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: