ന്യൂദല്‍ഹി : അഫ്ഗാനിസ്ഥാനിലെ അടിയന്തിര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇന്‍ഡോ- ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ 100 ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയിരിക്കുന്നത്.
അഫ്ഗാന് വ്യോമമേഖല അടച്ചതിനാലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അഫ്ഗാന് വ്യോമ മേഖല അടച്ചത്. കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിനായി അടിയന്തിരമായി ഇന്ന് കാബൂള്‍ വിമാനത്താവളം തുറന്നു. താലിബാന് പിടിച്ചെടുത്ത നഗരങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇ വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ 120 പേരെ ഇന്ത്യയിലേക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വ്യോമസേനയുടെ വിമാനങ്ങളിലാണ് എംബസി ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും കൊണ്ടുവരുന്നത്. കാബൂളില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ദല്ഹിയിലെത്തിയേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
അതേസമയം ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സെല്‍ തുടങ്ങി. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന് സെല്ല് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും [email protected] എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.
അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാന് മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാന് ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വന്‍ ഭീതിയില്‍ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി ചൂണ്ടികാട്ടി. അഫ്ഗാനിലെ ജനങ്ങള്‍ ഭയത്തോടെയാണ് കഴിയുന്നത്. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്റെ താവളമാക്കി മാറ്റാതിരിക്കാന്‍ ഇത് അവസരംകൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: