രാജാക്കാട്: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചിന്നക്കനാലില്‍ കാട്ടാന ചെരിഞ്ഞ കേസില്‍ കൂട്ടത്തില്‍ നിന്ന് മാറി നടന്ന് കുട്ടിയാന. അതേ സമയം സംഭവത്തില്‍ സ്ഥലമുടമ നാടുവിട്ടതോടെ ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
വനവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ് പ്രായം വരുന്ന പിടിയാന വെള്ളിയാഴ്ച പുലര്‍ച്ചയോടെ അപകടത്തില്‍പ്പെട്ടത്. ഇതിന് രണ്ട് വയസുള്ള മുലക്കുടിക്കുന്ന കുട്ടിയുണ്ടായിരുന്നു. തള്ളയാന ചെരിഞ്ഞെങ്കിലും കുട്ടിയാനയടക്കം ആറ് ആനകള്‍ പരിസരത്ത് നിന്ന് മാറാന്‍ തയ്യാറായിട്ടില്ല. അധികം ദൂരെയല്ലാതെ ആനയിറങ്കല്‍ ജലാശയത്തിന് കരയില്‍ ഇവ ഇപ്പോഴും തുടരുകയാണ്. അമ്മയെ നഷ്ടപ്പെട്ട ദുഖത്തില്‍ കുട്ടിയാന സംഘത്തില്‍ നിന്ന് മാറിയാണ് സഞ്ചരിക്കുന്നത്. അതേ സമയം ഇത് താല്‍ക്കാലികം മാത്രമാണെന്നും കുട്ടിയാനയെ ആനക്കൂട്ടം സംരക്ഷിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.
സാധാരണയായി 5-6 വയസ് വരെയാണ് ആനക്കുട്ടികള്‍ അമ്മയുടെ പാല് കുടിച്ച് വളരുന്നത്. ഇതിനിടെ തള്ളയെ നഷ്ടപ്പെട്ട് പലപ്പോഴും കുട്ടികള്‍ ഒറ്റപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം 301 കോളനിയില്‍ കാട്ടാന കൃഷിയിടത്തിലിറങ്ങാതിരിക്കാന്‍ നിരവധി വൈദ്യുതി വേലികളാണ് ഇവിടെയുള്ളത്. ഇതില്‍ പലതിലും രാത്രികാലങ്ങളില്‍ അമിത വൈദ്യുതി കടത്തി വിടുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം.
വനംവകുപ്പിനെ തടഞ്ഞ് നാട്ടുകാര്‍
സ്ഥലമുടമ മണിയാന്‍കുടി സ്വദേശി പാല്‍കുളം കുടിയില്‍ സുരേഷ് സോമനെ(40) തിരെ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിടികൂടുന്നതിനായി വനംവകുപ്പ് സംഘം അപകട ദിവസം വാഹനത്തിലെത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ച് ഇത് തടയുകയായിരുന്നു. പിന്നീട് പഞ്ചായത്ത് അംഗങ്ങളെ വിളിച്ച് വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്. വനംവകുപ്പിന് മടങ്ങിപോരേണ്ടിയും വന്നു. ഇന്ന് വീണ്ടും സ്ഥലത്തെത്തിയെങ്കിലും പ്രതി കുടുംബത്തോടെ നാട് വിട്ടതായാണ് ലഭിക്കുന്ന വിവരം. ഇയാളെ കണ്ടെത്തുന്നതിനായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
വൈദ്യുതി വകുപ്പും കേസെടുത്തു
വൈദുതി വേലിയില്‍ നിന്നുള്ള ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നാലെ വനംവകുപ്പ് കേസെടുത്ത് സ്വകാര്യ വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചു. രാജകുമാരി കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പോലീസില്‍ പരാതി കൊടുത്തതായി അസി. എഞ്ചിനിയര്‍ സന്തോഷ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: