ഇന്ത്യയുടെ സിനിമാ ചരിത്രത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1912 മെയ് 18ന് ദാദാ സാഹിബ് ടോര്‍ണെ ശ്രീപുണ്ഡലിക് എന്ന സിനിമ റിലീസ് ചെയ്തതോടെയാണ് ഇന്ത്യന്‍ സിനിമാ ചരിത്രം ആരംഭിക്കുന്നതെങ്കിലും മിക്ക ചരിത്രകാരന്മാരും ഇന്ത്യയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത് ദാദാസാഹിബ് ഫാല്‍കെ 1913 ല്‍ നിര്‍മ്മിച്ച രാജാ ഹരിശ്ചന്ദ്ര ആണ്. എന്തായാലും ഇന്ത്യ സ്വതന്ത്രയാകുന്നതിന് മൂന്നര പതിറ്റാണ്ട് മുന്‍പു തന്നെ ഇന്ത്യയില്‍ സിനിമ പിറവിയെടുത്തിരുന്നു. ആദ്യദശകങ്ങളില്‍ ഇന്ത്യന്‍ സിനിമയുടെ ഇതിവൃത്തം മിക്കവാറും പുരാണകഥകളായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ശക്തമായ നാല്പതുകളുടെ തുടക്കത്തില്‍ ദേശീയമായ ഉണര്‍വ്വിന്റെ അലകള്‍ ചെറുതായെങ്കിലും ചില സിനിമകളിലുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ദേശീയ വിഷയങ്ങള്‍ ചിലരെങ്കിലും സിനിമയ്ക്ക് വിഷയമാക്കി. ബംഗാള്‍ ക്ഷാമത്തിന്റെ കൊടിയ കെടുതികളെ പ്രമേയമാക്കി കെ.എ. അബ്ബാസ് സംവിധാനം ചെയ്ത ധര്‍ത്തി കേ ലാല്‍ (1943) പോലുള്ള ചിത്രങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്.
ഭാരത സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വര്‍ഷം തികയുകയാണ്. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ധാരാളം സിനിമകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും സമരനായകരെയും കേന്ദ്രീകരിച്ചുണ്ടായി. നാല്പതുകളിലെയും മറ്റും സാമൂഹ്യാവസ്ഥകള്‍ പശ്ചാത്തലമായ നിരവധി ചിത്രങ്ങളില്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മിന്നലാട്ടങ്ങള്‍ പലരീതിയില്‍ നാം കണ്ടു. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏറ്റവും ശക്തമായ ദൃശ്യാവിഷ്കാരം എന്ന നിലയിലാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തെ (1982) സിനിമാ ചരിത്രകാരന്മാര് കാണുന്നത്. ദക്ഷിണാഫ്രിക്കന്‍ കാലഘട്ടം തൊട്ട് വെടിയേറ്റ് മരിക്കുന്നതു വരെയുള്ള ഗാന്ധിജിയുടെ ജീവിതം ചിത്രീകരിക്കുന്ന ഈ ചിത്രം സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആവിഷ്കാരം കൂടിയാണ്. വിദേശസംരംഭമാണെങ്കിലും ഇന്ത്യയില്‍ നിര്‍മ്മിച്ച സ്വാതന്ത്ര്യസമര ചിത്രങ്ങളില്‍ ഏറ്റവും വിസ്തൃതമായ ക്യാന്‍വാസില്‍ രചിച്ച ഒരു ചിത്രം ഇതായിരിക്കും.
സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് പുറത്തിറങ്ങിയ ഔറത്ത് (1940) എന്ന സിനിമയുടെ റീമേക്കായാണ് ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ മദര്‍ ഇന്ത്യ 1957ല്‍ ഇറങ്ങിയത്. മെഹബൂബ് ഖാന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായിക നര്‍ഗീസും നായകന് സുനില്‍ ദത്തുമാണ്. രാഷ്ട്രമാതാവ് എന്ന സങ്കല്പവും അമ്മദൈവാരധാനയുടെ ഭാഗമായി ഭാരതത്തിന്റെ പുരാസങ്കല്‍പങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന സ്ത്രീകഥാപാത്രങ്ങളും ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ഭാവശുദ്ധിയുമെല്ലാം ഒരുമിച്ചുചേരുന്ന ഒരു പ്രമേയകല്‍പനയാണ് മദര്‍ ഇന്ത്യയുടേത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒന്നാം സ്വാതന്ത്ര്യസമരവും സിനിമാ വിഷയമായിട്ടുണ്ട്. 1978 ല്‍ റിലീസായ ജുനൂന് എന്ന ശ്യാം ബെനഗല്‍ ചിത്രം റസ്കിന് ബോണ്ടിന്റെ എ ഫ്ളൈറ്റ് ഓഫ് പിജിയന്‍സ് എന്ന കഥയെ ആധാരമാക്കിയുള്ളതാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. 1857ല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ ധീരോദാത്ത നായകനായ മംഗള്‍പാണ്ഡെയെ കേന്ദ്ര കഥാപാത്രമാക്കി കേതന് മേത്ത സംവിധാനം ചെയ്ത മംഗള്‍ പാണ്ഡെ- ദി റൈസിങ് എന്ന ചിത്രം 2005 ലാണ് പുറത്തിറങ്ങിയത്. ആമീര്‍ഖാന്‍ ആണ് മംഗള്‍ പാണ്ഡെയായി അഭിനയിച്ചത്.
2001 ല്‍ പുറത്തിറങ്ങിയ ലഗാന്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍വര്‍ഷങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണരുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളുടെ കഥയാണ്. 1893 കാലഘട്ടത്തില്‍ നടക്കുന്ന ഈ കഥയില്‍ ക്രിക്കറ്റും ദേശീയതയും മാറ്റുരയ്ക്കപ്പെടുന്നു. ബ്രിട്ടീഷ് അധികാരികള്‍ ഗ്രാമത്തില്‍ പു
തിയൊരു നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഭുവന് (ആമീര്‍ഖാന്‍) എന്ന യുവാവിന്റെ നേതൃത്വത്തില്‍ ഗ്രാമീണര്‍ ഒരു ഉപാധി വയ്ക്കുന്നു. ക്രിക്കറ്റ് കളിയില്‍ തങ്ങളെ പരാജയപ്പെടുത്തിയാല്‍ നികുതി അടക്കാം. തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളിലൂടെ കഥയില്‍ ദേശീയതയുടെയും ദേശഭക്തിയുടെയും ഇതളുകളാണ് വിരിയുന്നത്.
രംഗ് ദേ ബസന്തി എന്ന സിനിമ 2006ലാണ് പുറത്തിറങ്ങിയത്. സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തിയ ഇന്ത്യന്‍ വിപഌവ നേതാക്കളെക്കുറിച്ചുള്ള ചിത്രമാണിത്. ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ്, രാജഗുരു, അഷ്ഫകുള്ള ഖാന്, രാം പ്രസാദ് ബിസ്മി എന്നീ ധീരദേശാഭിമാനികളുടെ വധശിക്ഷ നടപ്പാക്കിയ കേണലിന്റെ അദ്ദേഹത്തിന്റെ ഡയറിയില്‍ അവരോടുള്ള ആദരം കുറിച്ചിട്ടത് വായിച്ചറിഞ്ഞ കൊച്ചുമകള്‍ ആ അഞ്ച് വിപ്ലവകാരികളെ കുറിച്ചും സിനിമ നിര്‍മ്മിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ഭഗത് സിങിന്റെ ജീവിതചിത്രവുമായി ദ ലിജന്‍ഡ് ഓഫ് ഭഗത് സിങ് എന്ന സിനിമയും ഉണ്ട്. 2002 ലാണ് ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. 1994ല്‍ പുറത്തിറങ്ങിയ 1942- എ ലൗ സ്റ്റോറി എന്ന സിനിമ ബ്രിട്ടീഷ് ആധിപത്യത്തിന്റെ അവസാനകാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്റെ പുലരി കാത്തിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ രാഷ്ട്രീയവും പ്രണയവുമൊക്കെ ഈ ചിത്രത്തിലുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചത്തലത്തില്‍ ഒരുക്കിയ സിനിമകള്‍ ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായി ഇനിയും നിരവധിയുണ്ട്.
മലയാളത്തില്‍
മലയാളത്തില്‍ സ്വാതന്ത്ര്യസമര കാലഘട്ടം പശ്ചാത്തലമായി വരുന്ന സിനിമകള്‍ ധാരാളമുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ദേശീയ സമരത്തെ പ്രമേയമാക്കിയവ കുറവാണ്. വേലുത്തമ്പി ദളവ എന്ന മലയാള ചിത്രം 1962ല്‍ തന്നെ പുറത്തറിങ്ങിയിരുന്നു. 1964ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാറും റിലീസായി.
കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ഇവിടെയിറങ്ങിയ മിക്കവാറും ചരിത്ര സിനിമകള്‍ ഇടത് രാഷ്ട്രീയത്തിനൊപ്പം നില്ക്കുന്നവയും ഒരു പരിധിവരെ ചരിത്രത്തെ പ്രത്യേക വീക്ഷണ കോണില്‍ മാത്രം കാണുന്നതുമാണ്. 1986-ല്‍ ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യന് സ്വാതന്ത്ര്യസമരകാലത്ത് കയ്യൂരില്‍ നടന്ന സംഭവങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. 1988 -ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ‘1921’ എന്ന ചിത്രം മാപ്പിള ലഹളയാണ് പ്രമേയമാക്കിയത്. മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായും കര്‍ഷകപ്രക്ഷോഭമായും വാഴ്ത്തുന്ന ചരിത്രദുര്‍വ്യാഖ്യാനങ്ങളുടെ ഭാഗം തന്നെയായിരുന്നു ഈ സിനിമയും. മുസ്ലിം സമുദായത്തില്‍ നിന്നും നായര്‍ സമുദായത്തില്‍ നിന്നും ഉള്ള രണ്ട് നായക കഥാപാത്രങ്ങള്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ലഹളാനായകന്റെ കൂടെ ചേരുന്നതും പ്രഖ്യാതമായ ‘സ്വാതന്ത്ര്യ-കര്‍ഷക സമരം’ നയിക്കുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
1996ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത ‘കാലാപാനി’ എന്ന ചിത്രം അന്‍ഡമാനിലെ ജയിലില്‍ ബ്രിട്ടീഷുകാരുടെ തടവുപുള്ളികളായി കഴിയാന്‍ വിധിക്കപ്പെട്ട ഭാരതീയരുടെ കഥയായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നടന്ന മറ്റൊരു കഥ ‘കാഞ്ചീവരം’ എന്ന പേരില്‍ തമിഴിലും സിനിമയെടുത്തിട്ടുണ്ട് പ്രിയദര്ശന്.
നിരവധി മലയാള ചലച്ചിത്രങ്ങള്‍ സ്വാതന്ത്രസമര കാലത്തെ മുന്‍നിര്‍ത്തുന്നുണ്ട്. ബക്കര്‍ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോള്‍, രവീന്ദ്രന് സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്, അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത മുഖാമുഖം, കഥാപുരുഷന്, രവിന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍, ശരത്തിന്റെ സായാഹ്നം, കെ.ജി. ജോര്‍ജ്ജിന്റെ ഇലവങ്കോട് ദേശം, വേണുനാഗവള്ളിയുടെ രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ സിനിമകള്‍ ഉദാഹരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: