ചങ്ങനാശ്ശേരി: മയക്കുമരുന്നു ഗുളികകളുമായി ഓട്ടോറിക്ഷയിലെത്തിയ യുവാക്കള്‍ ചങ്ങനാശ്ശേരിയില്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി കാട്ടുക്കുന്നേല്‍ രഞ്ചു ചാക്കോ (31), പെരുമ്പായിക്കാട് സ്വദേശി ചിറ്റിനിക്കാലായില് ലിജുമോന്‍ ജോസഫ് (33) എന്നിവരാണ് അറസ്റ്റിലായത്.
കോട്ടയം എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചങ്ങനാശ്ശേരി മന്ദിരം കവലയില്‍ വച്ച് യുവാക്കളെ പിടികൂടിയത്. ഡോക്ടറുടെ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാനസികരോഗികള്‍ക്ക് വിതരണം ചെയ്യുന്ന അതിമാരകശേഷിയുള്ള നൂറ് ഗുളികകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു.
എക്സൈസ് ഷാഡോ ടീം അംഗങ്ങള്‍ ആഴ്ച്ചകളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട മെഡിക്കല്‍ ഷോപ്പിലെ യുവതിയുമായി പ്രണയം നടിച്ചാണ് ഗുളിക കൈക്കലാക്കിയത് എന്നാണ് ഇവര്‍ പറഞ്ഞതെങ്കിലും ഇവരുടെ മൊഴി എക്സൈസ് സ്ഥിരീകരിച്ചിട്ടില്ല. വിശദമായി അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ. അശോക് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആറ് രൂപ വിലയുള്ള ഗുളിക 100 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. ഒരു ഗുളിക കഴിച്ചാല്‍ ഏഴ് മണിക്കൂര്‍ വരെ ലഹരിയിലായിരിക്കും. വാഹനപരിശോധനയില്‍ പിടിക്കപ്പെടുകയില്ല എന്നത് കാരണം വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ഈ ഗുളികകള്‍ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായ ഉപയോഗം പ്രത്യുല്പാദനശേഷി തകരാറിലാക്കുകയും, ഗുളിക ലഭിക്കാതെ വന്നാല്‍ മാനസിക വിഭ്രാന്തി കാണിക്കുകയും ചെയ്യും. ചങ്ങനാശ്ശേരിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച 15- കിലോ കഞ്ചാവും ഹോണ്ട ജാസ് കാറും പിടികൂടിയിരുന്നു.
പരിശോധനയില്‍ ഷാഡോ അംഗങ്ങളായ മാമ്മന്‍ ശാമുവേല്‍, പി.ആര്. രതീഷ്, സിഇഒമാരായ രാജീഷ് പ്രേം, അഞ്ചിത് രമേശ്, പ്രവീണ്‍ പി. നായര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എസ്. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബി. സന്തോഷ് കുമാര്‍, കെ. രാജീവ്, എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജന്, ഡ്രൈവര്‍ അനില്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: