കൊല്ലം: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഓണവിപണി ഉഷാറാക്കാന്‍ വ്യാപാരികള്‍. പുത്തന്‍ സ്റ്റോക്കുകള്‍ കടയിലെത്തിച്ചും ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചും വ്യാപാരികള്‍ ഒരുങ്ങിക്കഴിഞ്ഞു. വസ്ത്രശാലകള്‍, ജ്വല്ലറികള്‍, ഗൃഹോപകരണങ്ങള്‍, വാഹന വിപണി, മൊബൈല്‍ഫോണ്‍, പഴം പച്ചക്കറി തുടങ്ങി എല്ലാ വ്യാപാര മേഖലകളിലും പുത്തനുണര്‍വ് നല്കുന്ന കാലമാണ് ഓണക്കാലം.
അത്തം തുടങ്ങിയതോടെ വിപണിയില്‍ തിരക്ക് തുടങ്ങിക്കഴിഞ്ഞു. നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തിത്തുടങ്ങി. ഓണക്കാലം കല്യാണക്കാലമായതിനാല് കച്ചവടകേന്ദ്രങ്ങള്‍ ഉത്സവ കേന്ദ്രങ്ങളാകും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് ഓണവിപണിയില്‍ പരമാവധി നേട്ടമുണ്ടാക്കാനാണ് വ്യാപാരികളുടെ ശ്രമം. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മാളുകളും തുറന്നു. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് മാളുകളില്‍ പ്രവേശനം. കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബമ്പര്‍ സെയിലും മെഗാസെയിലും ആരംഭിച്ചുകഴിഞ്ഞു. അത് വിളമ്പരം ചെയ്യുന്ന ബോര്‍ഡുകളും സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ന്നു. പലതരം ഓഫറുകളാണ് കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
ഓണാഘോഷം വര്‍ണാഭമാക്കാന്‍ പത്തുമുതല്‍ 50 ശതമാനം വരെയും അതിലും കൂടുതല്‍ ഡിസ്ക്കൗണ്ടുകള്‍ നല്കുന്ന സ്ഥാപനങ്ങളുമുണ്ട്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കച്ചവടം തിരികെപ്പിടിക്കാനാണ് വ്യാപാര സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡുകാരണം നഷ്ടപ്പെട്ട കച്ചവടം തിരികെ പിടിക്കണം. ദീര്‍ഘനാളായി അടഞ്ഞുകിടന്നതിന്റെ ക്ഷീണം മാറ്റി പുതുമോടിയിലാണ് പല സ്ഥാപനങ്ങളും തുറന്നത്. എല്ലാവര്ക്കും ഇനി ഓണനാളുകളിലെ കച്ചവടം മാത്രമാണ് ആശ്രയം. കച്ചവടം നഷ്ടപ്പെട്ട് കടങ്ങളില്‍ നിന്ന് കരകയറാനാകാതെ ഓണവിപണിയെ ആശ്രയിച്ച് മുന്നോട്ടുപോകാമെന്ന ധാരണയിലാണ് ഒട്ടുമിക്ക വ്യാപാരികളും.
ഓണക്കോടിക്കാണ് കൂടുതല്‍ പ്രാധാന്യം അതിനാല്‍ വസ്ത്ര വിപണിയാണ് എല്ലാ ഓണക്കാലത്തും മുന്നിട്ടുനില്‍ക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടുന്ന ഇലക്ട്രോണിക്സ് വിപണിയും ഓണക്കാലത്ത് മുന്നിലെത്തും. കൊവിഡ് വ്യാപനം തീര്‍ത്ത കരിനിഴല്‍ ഇനിയും വിപണിയില്‍ നിന്ന് മാറിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവു ലഭിച്ചതോടെ തുണിക്കടകള്‍, ജ്വല്ലറി, ഇലക്ട്രോണിക്സ്, ചെരിപ്പ്, ഫാന്‍സി കടകളില്‍ തിരക്ക് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: