കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൂനിന്മേല് കുരുവായി മാറി കാലിത്തീറ്റ വില വര്‍ദ്ധനവ്. തൊടിയിലെ പുല്ലു പറിച്ച് പശുവിനെ വളര്‍ത്തിയാല്‍ പോലും ഒരു ലിറ്റര്‍ പാലിന് ഉത്പ്പാദന ചെലവ് 50 രൂപ വരും. പുല്ല് പുറത്തുനിന്ന് വാങ്ങി നല്കിയാല് ചെലവ് ഇതിലും കൂടും.
സംഘത്തില്‍ പാല് വില്ക്കുമ്പോള് കര്ഷകന് ലഭിക്കുന്നതാകട്ടെ വെറും 36.39 രൂപ. അതിനിടെ കുതിച്ചുയര്‍ന്ന് കാലിത്തീറ്റയുടെ വില. എങ്ങനെ കന്നുകാലി കൃഷി ലാഭകരമാകുമെന്ന് ക്ഷീരകര്‍ഷകരുടെ ചോദ്യം. ഒന്നരമാസത്തിനിടയില്‍ കാലിത്തീറ്റയുടെ വില പലതവണ കൂടി. അവസാനം കൂടിയത് ചാക്കൊന്നിന് 40 രൂപയാണ്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് കമ്പനികള്‍ ഇടയ്ക്കിടെ കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, പാല്‍വില വര്‍ദ്ധനയുണ്ടായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു.
മില്‍മയുടെയും കേരളാ ഫീഡ്സിന്റെയും കൂടിയ ഇനം കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കൊന്നിന് 1345 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. സ്വകാര്യ കമ്പനിയുടേതിന് 1390 രൂപയും. അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില വര്‍ദ്ധനയുമാണ് കാലിത്തീറ്റയുടെ വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കമ്പനിക്കാര് പറയുന്നത്. 2018 ല്‍ 950 രൂപയായിരുന്നു സ്വകാര്യകമ്പനിയുടെ കാലിത്തീറ്റയുടെ വിലയെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കാലിത്തീറ്റയുടെ വില വര്‍ദ്ധിച്ചതോടൊപ്പം പിണ്ണാക്കിനും വിലകൂടി. കടലപ്പിണ്ണാക്കിന് കിലോയ്ക്ക് 54 രൂപയും പരുത്തിപ്പിണ്ണാക്കിന് 40 രൂപയും ഗോതമ്പ് ഉമ്മിക്ക് 35 രൂപയുമാണ് നിലവിലെ വില. ഒരു കിലോ പുളിമ്പോടി കിട്ടണമെങ്കില്‍ 45 രൂപ നല്‍കണം. ഈ തുക മുടക്കി കാലികളെ വളര്‍ത്തുന്നത് ലാഭക്കച്ചവടമാവില്ലെന്ന് ക്ഷീരകര്‍ഷകര്‍ കണക്കുകള്‍ സഹിതം പറയുന്നു.
വീടുകളില്‍ പാല് കൊണ്ടുപോയി കൊടുത്താല്‍ ലിറ്ററിന് 50 രൂപ ലഭിക്കും. ഒരു പശു മാത്രമുള്ളവര്‍ക്കേ ഇങ്ങനെ വീടുകളില്‍ പാല് എത്തിച്ച് വില്ക്കാന് സാധിക്കുകയുള്ളു. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ സൊസൈറ്റിയില്‍ കൊണ്ടുപോയി പാല് കൊടുക്കണം. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്നവര്‍ തീറ്റപ്പുല്ല് ഉള്‍പ്പെടെയുള്ളത് വിലയ്ക്ക് വാങ്ങണം. ഈ വകയില്‍ പ്രതിമാസം നല്ല തുക ചിലവാകും. ഇതിനൊപ്പം തൊഴില്‍കൂലി, വൈദ്യുതി ചാര്‍ജ്, കാലികള്‍ക്കുള്ള മരുന്നുകളുടെ വില എന്നിവ കൂട്ടിയാല്‍ കാലിവളര്‍ത്തല്‍ നഷ്ടക്കച്ചവടമാകും.
പശുക്കള്‍ക്കും എരുമകള്‍ക്കും അര ലക്ഷം രൂപയെങ്കിലും കൊടുത്താലേ ഒന്നിനെ സ്വന്തമാക്കാന്‍ കഴിയുകയുള്ളു. പാല് കൂടുതലുള്ള മുന്തിയ ഇനം പശുവിനെ സ്വന്തമാക്കണമെങ്കില്‍ മുക്കാല്‍ ലക്ഷം രൂപ നല്‍കണം. സബ്സിഡി ലഭിച്ചാലും മിക്കപ്പോഴും വലിയ തുകയാണ് മുടക്കേണ്ടി വരിക. മിക്കവരും കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് കാലികളെ വാങ്ങുക. പശു പ്രസവിച്ചാല്‍ പാല് വിറ്റ് കടം വീട്ടാം എന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാന്‍ കര്‍ഷകര്‍ പെടാപ്പാട് പെടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: