ന്യൂദല്‍ഹി: മണ്‍സൂണ്‍കാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ കൂക്കിവിളികളില്‍ രാജ്യസഭ പാഴാക്കിയത് 76 മണിക്കൂറും 26 മിനിറ്റുകളും. പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായി നിലവാരമില്ലാതെ കൂക്കിവിളിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. രേഖകളും, എന്തിന് ഫയലുകളും വരെ കീറി സ്പീക്കര്‍ക്കും ഭരണപക്ഷ ബെഞ്ചുകളിലേക്കും എറിയുന്നത് പതിവാക്കുകയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍. വിദേശമാധ്യമങ്ങളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകാരും ലിബറലുകളും നടത്തിയ ഏതോ വലിയ ഗൂഡാലോചനയുടെ കരുക്കളെപ്പോലെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ അവരുടെ കര്‍ത്തവ്യം മറന്ന് നീങ്ങുന്നതാണ് കണ്ടത്. പാഴായത് 406 സീറോ അവറുകളും പ്രത്യേക പരാമര്‍ശങ്ങളും.
രാജ്യസഭയ്ക്ക് മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ ആകെ ലഭ്യമായ 102 മണിക്കൂറുകളില്‍ ആകെ ഉപയോഗപ്പെട്ടത് 28 മണിക്കൂറുകളും 21 മിനിറ്റുകളും. അവസാനത്തെ അഞ്ച് സെഷനുകളില്‍ 95 ശതമാനം ഉല്പാദനക്ഷമതയുണ്ടായി. ഒബിസിയും ഇന്‍ഷുറന്‍സ് ഭേദഗതിയും ഉള്‍പ്പെടെ 19 ബില്ലുകള്‍ പാസാക്കി.
പ്രതിപക്ഷത്തിന്റെ നിലവാരമില്ലാത്ത പെരുമാറ്റം കണ്ട് തനിക്ക് ഉറക്കമില്ലാ രാത്രികളായിരുന്നുവെന്ന് പറഞ്ഞത് സഭാ പരിചയം കൊണ്ട് സമ്പന്നനായ വെങ്കയ്യ നായിഡു. ജനാധിപത്യത്തിന്റെ ക്ഷേത്രമായ രാജ്യസഭയെ കളങ്കപ്പെടുത്തിയെന്നതായിരുന്നു അദ്ദേഹത്തിന്റെ ദു:ഖത്തിന്റെ മൂലകാരണം. ഇടനിലക്കാരുടെ സമരത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ ഫയലുകള്‍ വരെ കീറി വലിച്ചെറിഞ്ഞു.
മലപോലെ ആസൂത്രിതമായി കൊണ്ടുവന്ന പെഗസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ യാതൊന്നും സംഭവിച്ചില്ല എന്നതാണ് വാസ്തവം. സുപ്രീംകോടതി ഇനി ജൂലായ് 16ന് മാത്രമേ കേസില്‍ വാദം കേള്‍ക്കുകയുള്ളൂ. കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേരുകള്‍ പെഗസസ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ഹര്ജിക്കാരന് എം.എല്‍. ശര്‍മ്മ നീക്കംചെയ്തു. പെഗസസ് വിഷയത്തില്‍ ഫോണ്‍ ചോര്‍ത്തലിനുള്ള ആ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒയെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചില്ലന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചതോടെ പെഗസസ് ആരോപണത്തിന്റെ മുനയൊടിഞ്ഞു.
നിവൃത്തിയില്ലാതെ നിശ്ചയിച്ചതിലും രണ്ട് ദിവസം മുമ്പേ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഭാവിയില്‍ പാര്‍ലമെന്റ് നടപടികളില്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥന നടത്തി. എന്തായാലും മണ്‍സൂണ്‍ കാലസമ്മേളനത്തിന്റെ പേരില്‍ പ്രതിപക്ഷം തുടര്‍ച്ചയായ കൂക്കുവിളിയിലൂടെ പാഴാക്കിയത് ജനങ്ങളുടെ നികുതിപ്പണം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: