ന്യൂദല്‍ഹി: ബുധനാഴ്ച ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞശേഷം വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി സ്പീക്കര്‍ ഓം ബിര്‍ല കൂടിക്കാഴ്ച നടത്തിയപ്പോള്‍ പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ മുറിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സന്നിഹിതരായി. യോഗത്തിന്റെ വീഡിയോയില്‍ ഓം ബിര്‍ലയോടൊപ്പം പ്രധാനമന്ത്രി ഒരു സോഫയിലും സമീപമുള്ള സോഫയില്‍ സോണിയ ഗാന്ധിയും ഇരിക്കുന്നത് കാണാം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ്, അകാലിദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു. പാര്‍ലമെന്റ് സമ്മേളനം അവാസനിച്ചശേഷം പതിവുള്ള യോഗമാണിത്.
ഭാവിയില്‍ സഭാ നടപടികളുമായി സഹകരിക്കണമെന്ന് എല്ലാ പാര്‍ട്ടികളോടും ഓം ബിര്‍ല ആവശ്യപ്പെട്ടു. ജൂലൈ 19ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസങ്ങളിലും പ്രതിപക്ഷം ഇരു സഭകളും സ്തംഭിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചയിച്ചിരുന്നതിലും രണ്ടു ദിവസം മുന്‍പാണ് ലോക്സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. അതിനുശേഷമായിരുന്നു സ്പീക്കറുടെ മുറിയില്‍ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന കാഴ്ച. പെഗസസ് ആരോപണവും കാര്‍ഷിക നിയമങ്ങളും ഇന്ധനവില വര്‍ധനയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയത്. ഒരു മാസം നീണ്ട സമ്മേളനത്തില്‍ 21 മണിക്കൂര്‍ മാത്രമാണ് ലോക്സഭ പ്രവര്‍ത്തിച്ചതെന്നും 22 ശതമാനം മാത്രമായിരുന്നു ഉത്പാദന ക്ഷമതയെന്നും ഓം ബിര്‍ല അറിയിച്ചു.
ചൊവ്വാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ സഭാ നടപടികള്‍ രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് കയറി നില്‍ക്കുകയും ചെയറിന് നേരെ റൂള്‍ബുക്ക് എറിയുകയും ചെയ്തിരുന്നു. രാജ്യസഭാ ചെയര്മാന് എം വെങ്കയ്യ നായിഡു എംപിമാര്‍ക്കെതിരെ നടപടിയെടുത്തേക്കും. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നും സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തി അതിരുവിട്ടാണ് പ്രതിപക്ഷം പെരുമാറിയതെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. കര്‍ഷക പ്രതിഷേധമെന്ന പേരില്‍ പ്രതിപക്ഷം രാജ്യസഭയില്‍ നടത്തിയത് നാണംകെട്ട പ്രതിഷേധമാണെന്നും വിതുമ്പിക്കൊണ്ട് ഉപരാഷ്ട്രപതി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: