തൃശൂര്‍: 300 കോടിയുടെ തിരിമറി നടന്ന കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പിടിയിലായ മൂന്ന് പേരും സജീവ സിപിഎം പ്രവര്‍ത്തകര്‍. ഇവരില്‍ രണ്ട് പേര് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. അതായത് പാര്‍ട്ടി അംഗങ്ങള്‍ തന്നെ പ്രതികളാവുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.
ഒന്നാം പ്രതി കരുവന്നൂര്‍ ബാങ്ക് സെക്രട്ടറി ടി.ആര്. സുനിര്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടാം പ്രതി കരുവന്നൂര്‍ ബാങ്ക് ശാഖയുടെ മുന്‍ മാനേജര്‍ ബിജു കരീമാകട്ടെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ്. മൂന്നാം പ്രതിയായ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്.
46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 അംഗഭരണസമിതി പിരിച്ചുവിട്ടിരുന്നു.
ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആര്. സുനില്‍കുമാറാണ് തട്ടിപ്പിന്റെ മുഖ്യആസൂത്രകനെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച പത്തംഗ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 21 വര്‍ഷമാണ് ഇദ്ദേഹം ബാങ്കിന്റെ സെക്രട്ടറിയായിരുന്നത്. ഇക്കാലയളവിലെല്ലാം ഇദ്ദേഹം ബാങ്കിനെ വഞ്ചിച്ചു. കേസിലെ മറ്റൊരു പ്രതിയായ കിരണിന് സുനില്‍കുമാര്‍ അനുവദിച്ച് നല്‍കിയത് 23 കോടി രൂപയുടെ വായ്പയാണ്. മറ്റ് ഭരണസമിതിയംഗങ്ങള്‍ അറിയാതെ സുനില്‍കുമാര്‍ തന്റെ ബന്ധുക്കള്‍ക്ക് അംഗത്വം നല്‍കിയെന്നും ബാങ്ക് പ്രസിഡന്റിന്റെ കയ്യൊപ്പില്ലാതെ ഇത്തരം കള്ള അക്കൗണ്ടുകളിലൂടെ 50 ലക്ഷം രൂപ വീതമുള്ള 28 വായ്പകളാണ് അനുവദിച്ചതെന്നും പറയുന്നു.
ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷന് ബിജു കരിം ഈടാക്കിയിരുന്നെന്നും തേക്കടിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഈ പണം ശേഖരിച്ചതെന്നും ബിജെപി ആരോപിക്കുന്നു. ബിജു കരിമിന്റെയും സുനില്‍കുമാറിന്റെയും ഉന്നതസ്ഥാനീയരായ സിപിഎം നേതാക്കളുമായുള്ള ബന്ധമാണ് ഇരുവര്‍ക്കെതിരെയും പരാതി ഉയര്‍ന്നുവന്നിട്ടും നടപടികള്‍ ഒഴിവാക്കപ്പെടാന്‍ കാരണം.തട്ടിപ്പ് പുറത്തായതിനെത്തുടര്‍ന്ന് സിപിഎം ആദ്യ മൂന്ന് പ്രതികളായ സുനില്‍കുമാറിനെയും ബിജു കരിമിനെയും ജില്‍സിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: