തിരുവനന്തപുരം: ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയില്‍ യുവതിക്കും നവജാതശിശുവിനും ദാരുണാന്ത്യമെന്ന് പരാതി. കല്ലിയൂര്‍ തെറ്റിവിള, വടക്കേക്കര, കണ്ണേറ്റു പുത്തന്‍ വീട്, വിഷ്ണുഭവനില്‍ രേവതി (29) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസവത്തിനായി ഡോ. ഹൃദ്യയുടെ നിര്‍ദ്ദേശപ്രകാരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രേവതിയെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് ലേബര്റൂമില് പ്രവേശിപ്പിച്ചു. ഏറെ നേരമായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവായ വൈശാഖ് ഡോക്ടറെ ബന്ധപ്പെട്ടപ്പോള്‍ കുഴപ്പമില്ലെന്നും ഉച്ചയോടെ പ്രസവം നടക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ 10ന് വൈശാഖിനെ ലേബര്‍ റൂമില്‍ വിളിക്കുകയും ഭാര്യയെ അടിയന്തരമായി എസ്എടിയില്‍ എത്തിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കാര്യം തിരക്കിയെങ്കിലും മറ്റൊന്നും പറഞ്ഞില്ല. തുടര്‍ന്ന് രേവതിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും വൈശാഖിനെയോ മറ്റു ബന്ധുക്കളെയോ ആംബുലന്‍സില്‍ പ്രവേശിപ്പിക്കാതെ 10.20 ഓടെ എസ്എടിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തുന്നതിന് ഏറെ മുമ്പുതന്നെ രേവതി മരണപ്പെട്ടു എന്നാണ് എസ്എടി അധികൃതര്‍ അറിയിച്ചത്.
രേവതി പൂര്‍ണ ആരോഗ്യവതിയായിരുന്നു. മറ്റ് യാതൊരു അസുഖങ്ങളും രേവതിക്ക് ഇല്ലായിരുന്നു. ഗര്‍ഭസംബന്ധമായ ചികിത്സ പൂര്‍ണമായും ഡോ. ഹൃദ്യയുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ഡോക്ടറുടെ അനാസ്ഥയും ചികിത്സാപ്പിഴവുമാണ് മരണത്തിന് കാരണമായതെന്നും വൈശാഖ് പറഞ്ഞു. ഡോക്ടര്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വൈശാഖ്. ആറുവയസ്സുകാരി രേഷ്മ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: