കൊച്ചി: കേരള വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ ഓഫീസിന് കീഴിലുള്ള ഓഫീസുകളിൽ നിന്ന് വിരമിച്ചവർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് വീണ്ടും നിയമനം നൽകിയ നടപടി വിവാദത്തിലേക്ക്. എറണാകുളത്ത് മാത്രം ഇത്തരത്തിൽ നിരവധി പേരെ തിരുകിക്കയറ്റിയിട്ടുണ്ടെന്നാണ് സൂചനകൾ. വിരമിച്ചിട്ടും ഇരുപതു വർഷത്തിലേറെയായി ഒരേ പോസ്റ്റിൽ ജോലി ചെയ്യുന്നവർ ജില്ലയിൽ തന്നെ 15ൽ അധികം പേരുണ്ടെന്നാണ് വിവരം.
ഭരണ, പ്രതിപക്ഷ ട്രേഡ് യൂണിയനുകളിൽപ്പെട്ടവരാണ് ഇത്തരത്തിൽ അനധികൃതമായി ജോലിയിൽ തുടരുന്നത്. അഞ്ചക്ക സംഖ്യ പെൻഷൻ വാങ്ങുന്നവർ വരെ ഇത്തരം നിയമനങ്ങളിൽ കടിച്ചു തൂങ്ങുകയാണ്. ഇതിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം. എറണാകുളം, ആലപ്പുഴ, തൃശൂർ, ആലപ്പുഴ തുടങ്ങിയ മൂന്നു ജില്ലകളാണ് മധ്യമേഖല ഓഫീസിന് കീഴിൽ വരുന്നത്. മധ്യമേഖല ഓഫിസുകളുടെ പരിധിയിൽ എല്ലായിടത്തും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം.
ചട്ടം മറികടന്ന് നടത്തിയ ഇത്തരം നിയമനങ്ങൾ മുഴുവൻ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് നടത്തിയിരിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഇഷ്ടക്കാരും വരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നൽകിയവരിൽപ്പെടും. താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നവരെ പോലും നോട്ടീസ് നൽകി ഇന്റർവ്യൂ നടത്തിയ ശേഷം മാത്രമേ നിയമനം നൽകാൻ പടുള്ളൂ. എന്നാൽ ജല അതോറിറ്റി ഓഫീസുകളിൽ നടത്തിയിരിക്കുന്ന പല നിയമങ്ങളും ഇത്തരം ചട്ടങ്ങൾ മറികടന്നാണ് നടത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കെ.കെ റോഷൻ കുമാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: