വ്യവസായവല്‍ക്കരണത്തില്‍ കേരളം ഏറെ പിന്നിലാണെന്ന വസ്തുത ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. സംസ്ഥാനത്ത് മാറി മാറി വന്ന ഇടതു-വലതു മുന്നണി സര്‍ക്കാരുകളുടെ പ്രഖ്യാപിത നയമായിരുന്നു വ്യവസായവല്‍ക്കരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന പ്രകടന പത്രികകളില്‍ തങ്ങള്‍ പുനരുദ്ധരിക്കാന്‍ പോകുന്നതും, പുതുതായി കൊണ്ടുവരാന്‍ പോകുന്നതുമായ വ്യവസായങ്ങളുടെ നീണ്ട പട്ടിക തന്നെ ഇരുമുന്നണികളും നിരത്താറുണ്ട്. പക്ഷേ ഇതൊക്കെ ജലരേഖകളായി അവശേഷിച്ചു. ഐക്യ കേരളത്തിന്റെ ഇതുവരെയുള്ള ആറ് പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ വ്യവസായങ്ങളുടെ ശവപ്പറമ്പായി ഈ നാട് മാറിയിരിക്കുകയാണ്. ഇതിനൊരു മാറ്റം വരുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, അതിന് അനുവദിക്കാത്തതിന്റെ ചിത്രമാണ് സംസ്ഥാനത്തെ തകര്‍ന്നടിഞ്ഞ വ്യവസായ മേഖലയെക്കുറിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച ആറ് ഭാഗങ്ങളുള്ള ലേഖന പരമ്പര വരച്ചുകാട്ടുന്നത്. ഭരണത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കൈക്കൂലിയും ട്രേഡ് യൂണിയനുകളുടെ ശത്രുതാ മനോഭാവവും ഒന്നുചേര്‍ന്നാണ് ഈ ദുരവസ്ഥ സൃഷ്ടിച്ചത്. സമീപഭാവിയിലൊന്നും ഇതിന് മാറ്റം വരുമെന്ന് കരുതാനാവാത്ത വിധം നിരാശാജനകമാണ് അന്തരീക്ഷം.
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നു സര്‍ക്കാരിന് തുറന്നുപറയേണ്ടിവന്നിരിക്കുന്നു. ആരാണ് ഇതിന് ഉത്തരവാദികള്‍ എന്നു മാത്രം പറയുന്നില്ല. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയതിന്റെ പേരില്‍ സിപിഎമ്മിന് കോണ്‍ഗ്രസ്സിനെയോ കോണ്‍ഗ്രസ്സിന് സിപിഎമ്മിനെയോ കുറ്റം പറയാനാവില്ല. ഇരുപാര്‍ട്ടികളുടെയും മുന്നണി സര്‍ക്കാരുകള്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ യാതൊന്നും ചെയ്തില്ല. കാര്‍ഷിക വിപ്ലവവും വ്യവസായവല്ക്കരണവുമൊന്നും സംഭവിക്കാതെ തന്നെ കേരളത്തിന്റെ ആളോഹരി വരുമാനവും ക്രയശേഷിയുമൊക്കെ വര്‍ധിച്ചതില്‍ മതിമറന്ന് കഴിയുകയായിരുന്നു ഇക്കൂട്ടര്‍. അറേബ്യന്‍ നാടുകളിലും അമേരിക്കയിലും ആസ്ട്രേലിയയിലുമൊക്കെ പോയ പ്രവാസി മലയാളികള്‍ അയയ്ക്കുന്ന പണമാണ് ഇതിനു കാരണമെന്ന് തിരിച്ചറിഞ്ഞെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും നടന്നില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ തന്നാരോ പുന്നാരോ പാടി നടന്ന ശാസ്ത്രസാഹിത്യ പരിഷത്തുകാരും ജനകീയാസൂത്രണത്തിന്റെ പേരില്‍ സാമ്രാജ്യത്വ ഏജന്‍സികളുടെ താളത്തിന് തുള്ളിയവരും എല്ലായ്പ്പോഴും കേരള മോഡല്‍ എന്ന മിഥ്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു.
ഇടതുപാര്‍ട്ടികളുടെ വികസനവിരുദ്ധ മനോഭാവമാണ് കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായത്. സ്വാതന്ത്ര്യം നേടുന്നതിനു മുന്പുംഐക്യ കേരളം രൂപപ്പെടുന്നതിനു മുന്‍പും നിലവില്‍ വന്ന വ്യവസായങ്ങളാണ് പതിറ്റാണ്ടുകള്‍ കേരളത്തിന് താങ്ങായത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യര്‍ ആരംഭിച്ച കെഎസ്ആര്‍ടിസിയും വൈദ്യുതി ബോര്‍ഡും ഫാക്ടുമൊക്കെയല്ലാതെ പുതിയതൊന്നും തുടങ്ങാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി വ്യവസായങ്ങള്‍ പൂട്ടിച്ചത് ഇടതു ട്രേഡ് യൂണിയനുകളാണ്. കയറും നെയ്ത്തുമുള്പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള അനാവശ്യ സമരങ്ങളിലൂടെ ഇല്ലാതാക്കി. മുതല്‍ മുടക്കാന്‍ വരുന്നവരെ വര്‍ഗശത്രുക്കളായി കാണുകയും, അവരുടെ സംരംഭങ്ങളില്‍ നിരന്തര സമരം നടത്തിയുമൊക്കെ അരങ്ങുതകര്‍ക്കുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തത്. സര്ക്കാരുദ്യോഗമല്ലാത്ത തൊഴില്‍ ആവശ്യമുള്ളവരൊക്കെ സംസ്ഥാനത്തിന് പുറത്തുപോവുകയും രാജ്യം വിടുകയുമൊക്കെ ചെയ്തത് ഇക്കൂട്ടര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതിനൊരു മാറ്റം വരുത്തണമെന്ന് ഇപ്പോഴും ഇവര്‍ക്ക് തോന്നുന്നില്ല. കിഫ്ബിയിലൂടെയും മറ്റും വന്‍ തോതില്‍ കടമെടുത്ത് ഉല്‍പ്പാദനമില്ലാത്ത മേഖലയില്‍ ചെലവാക്കാനും കമ്മീഷന് കൈപ്പറ്റാനുമാണ് താല്‍പ്പര്യം. ഈ മനോഭാവം മാറാതെ സംസ്ഥാനത്തെ വ്യവസായരംഗം പച്ചപിടിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: