മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടെന്ന് പോലീസ്. രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ ഇടിച്ച് കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് കൊണ്ടോട്ടി പോലീസ് പറയുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റിയാസ് എന്നയാളുടെ മൊബൈല്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആദ്യഘട്ടത്തില്‍ ഇയാളുടെ ഫോണ്‍ പരിശോധിച്ചിരുന്നെങ്കിലും എല്ലാ വിവരങ്ങളും മായ്ച്ച നിലയിലായിരുന്നു. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുത്തപ്പോഴാണ് കൊലപാതക പദ്ധതി പുറത്തായത്.
സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് റിയാസ് ഈ പദ്ധതിയെപ്പറ്റി പറയുന്നത്. തൃശ്ശൂരില്‍ നിന്ന് ഇതിനായി വാഹനവും ഏര്‍പ്പാടാക്കിയതായി സന്ദേശത്തിലുണ്ട്. തുടര്‍ന്ന് റിയാസിനെ ചോദ്യം ചെയ്ത പോലീസ് ഇത് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് റിയാസിനെതിരേ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: