കോംട്രസ്റ്റ് കോഴിക്കോട് നഗരത്തിന്റെ മുഖമുദ്രയാണ്. ലോകഖ്യാതി നേടി കോംട്രസ്റ്റ് ഉല്‍പ്പന്നങ്ങള്‍. എന്നാല്‍ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഫാക്ടറി, 12 വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളി-വ്യവസായ വിരുദ്ധ നയത്തിന്റെ മറ്റൊരു സ്മാരകം.
കോംട്രസ്റ്റ് ഏറ്റെടുക്കണമെന്ന നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായിട്ട് വര്‍ഷങ്ങളായി. പക്ഷേ ഒരു പുരോഗതിയുമുണ്ടായില്ല. നഗരത്തിലെ കണ്ണായ ഭൂമി തട്ടിയെടുക്കാന്‍ സിപിഎം നേരത്തെ ശ്രമം തുടങ്ങിയിരുന്നു.
ടൂറിസത്തിന്റെ പേരില്‍ സഹകരണ സൊസൈറ്റി തട്ടിക്കൂട്ടി കമ്പനിയുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമം നടന്നു. ഫാക്ടറിയുടെ കണ്ണായ ഭൂസ്വത്ത് മാഫിയകളുടെ കൈകളിലെത്തിക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. രണ്ടാമൂഴമെത്തിയിട്ടും കോംട്രസ്റ്റ് ഏറ്റെടുക്കാനോ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാനോ ഇടത്പക്ഷ സര്‍ക്കാറിനായിട്ടില്ല. സിഐടിയു, ഐഎന്‍ടിയുസിയിലെ ഒരു വിഭാഗം എന്നിവരുടെ പ്രതിനിധികളടങ്ങുന്നതാണ് നിലവിലുള്ള മാനേജ്മെന്റ്. ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി, എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കോംട്രസ്റ്റ് കമ്പനിയെയും തൊഴിലാളികളെയും രക്ഷിക്കാനുള്ള സമരം സര്‍ക്കാര്‍ അവഗണിക്കുകയാണ്.
കോഴിക്കോടിന്റെ പൈതൃകം
ബാസല്‍ മിഷനില്‍ നിന്നുള്ള ജര്‍മന്‍ മിഷനറിമാര്‍ 1844 ല്‍ കോഴിക്കോട് മാനാഞ്ചിറയില്‍ തുടങ്ങിയ നെയ്ത്തു ഫാക്ടറിയാണ് കോംട്രസ്റ്റ് (കോമണ്‍വെല്‍ത്ത് ട്രസ്റ്റ് കോഴിക്കോട്,) എന്ന പേരില്‍ അറിയപ്പെടുന്ന കോഴിക്കോട് കോമണ്‍വെല്‍ത്ത് വീവിങ്ങ് കമ്പനി. 600 ല്‍ പരം തൊഴിലാളികള്‍ ഉണ്ടായിരുന്നു. ലോകപ്രശസ്തമായ നെയ്ത്ത് കമ്പനിയായിരുന്നു. മാനേജ്മെന്റിന് നടത്താനാവില്ല എന്ന കാരണം കാണിച്ചാണ് 2009 ഫെബ്രുവരി ഒന്നിന് ഫാക്ടറി പൂട്ടിയത്. അതോടെ തൊഴിലാളികളുടെ സമരമായി. കോംട്രസ്റ്റ് തുറന്ന് തൊഴില്‍ ആരംഭിക്കണമെന്നാണ് സംയുക്ത സമരസമിതിയാവശ്യം. ബിഎംഎസ്, എഐടിയുസി സംഘടനകളായിരുന്നു തുടക്കം മുതല്‍. കോംട്രസ്റ്റ് കമ്പനി പൂട്ടിയതോടെ ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോകാനായിരുന്നു സിഐടിയു വിന്റെയും ഐഎന്‍ടിയുസിയുടെ ഒരു വിഭാഗത്തിന്റെ തീരുമാനം.
കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസിയുടെ ഒരു വിഭാഗം എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സമരസമിതിയുടെ സമരം ശക്തമായതോടെ, അച്യുതാനന്ദന് സര്‍ക്കാര്‍ പേരിന് ചില നടപടികള്‍ സ്വീകരിച്ചു. അങ്ങനെ കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സും പിന്നീട് നിയമ നിര്‍മ്മാണവുമുണ്ടായി.
2010 ലാണ് കോംട്രസ്റ്റ് അടക്കം മൂന്ന് ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ഡിനന്‍സിറക്കിയത്. എന്നാല്‍, നിയമസഭ ബില്‍ പാസാക്കാതെ ഫാക്ടറി ഏറ്റെടുക്കാന്‍ കഴിയില്ലെന്നായതോടെ നിയമസഭ ഐകകണ്ഠ്യേനെ ബില്‍ പാസാക്കി. 2012 ല്‍ അത് രാഷ്ട്രപതിക്ക് അയച്ചു. 2014 ല്‍ കോംട്രസ്റ്റ് സംരക്ഷിത സ്മാരകമാക്കി പുരാവസ്തു വകുപ്പ് വിജ്ഞാപനമിറക്കി.
ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കി, 2018 ഫെബ്രുവരിയില്‍. ഫാക്ടറിയുടെ ഒരു ഭാഗം പൈതൃക മ്യൂസിയവും മറ്റൊരു കെട്ടിടത്തില്‍ നെയ്ത്തും ആരംഭിക്കണമെന്ന നിര്‍ദ്ദേശവും രാഷ്ട്രപതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി, ബില്ലിന് അംഗീകാരം നല്‍കാഞ്ഞതാണ് തടസമെന്നായിരുന്നു ഇടത് സര്‍ക്കാര്‍ ആദ്യം ഉയര്‍ത്തിയ ന്യായം. എന്നാല്‍, ബില്‍ ഒപ്പിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല. ഇതിനിടെ തുടര്‍ നടപടിക്കായി സമര സമിതി ഇന്റസ്ട്രിയല്‍ ട്രൈബ്യൂണലിനെയും സമീപിച്ചിരുന്നു.
തൊഴിലാളികള്‍ക്കനുകൂലമായി, 2017ല്‍ ട്രൈബ്യൂണല്‍, 5000 രൂപാ വീതം പ്രതിമാസ ധനസഹായവും മറ്റാനുകൂല്യവും നല്‍കണമെന്ന് ഉത്തരവിറക്കി. ഇതിനെ യുഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് സമാശ്വാസ ധനം നല്കാന് തുടങ്ങി. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാറില്‍ ഇ.പി.ജയരാജന് വ്യവസായമന്ത്രി ആയതോടെ ആനുകൂല്യങ്ങള്‍ തടഞ്ഞു. ഭൂമാഫിയക്ക് അനുകൂലമായ വ്യവസായമന്ത്രിയുടെ സമീപനത്തിനെതിരെ എഐടിയുസി അടക്കം രംഗത്തു വന്നു. സമര സമിതി വിണ്ടും കോടതിയെ സമീപിച്ചാണ് ആനുകൂല്യം പുന:സ്ഥാപിച്ചത്.
ഭൂമാഫിയക്കൊപ്പം
കോംട്രസ്റ്റ് വിഷയത്തില്‍ തൊഴിലാളി വിരുദ്ധ നിലപാടാണ് സിപിഎമ്മിന്. ഭൂമിയുടെ പൈതൃകപദവി സ്ഥാപിക്കാന്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഇടപെടണമെന്ന ആവശ്യം സംസ്ഥാനം കേട്ടില്ല. കേന്ദ്ര പുരാവസ്തു വകുപ്പാണ് ഇക്കാര്യത്തില്‍ സമയോചിതമായി ഇടപെട്ട് ഉത്തരവിറക്കിയത്. കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടിക്കിടെ രണ്ടു തവണയായി ഭൂമാഫിയ 1.40 ഏക്കര്‍ സ്ഥലം ചുളുവിലയ്ക്ക് വാങ്ങി. ഈ ഇടപാടിനെ എതിര്‍ക്കാന്‍ ഇടതു സര്‍ക്കാരോ, ഇടതുനേതാക്കളോ ശ്രമിച്ചില്ല.
ഭൂമാഫിയയുടെ നേതൃത്വത്തില്‍ കോംട്രസ്റ്റ് മതില് പൊളിച്ചതും ഭൂമി കൈയേറ്റവുമെല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2014 ല്‍ പാര്‍ട്ടി പിന്തുണയോടെ ഒരു സൊസൈറ്റി തട്ടിക്കൂട്ടി, സഹകരണ ബാങ്കില്‍ നിന്ന് നിയമ വിരുദ്ധമായി 14 കോടി രൂപ വായ്പയെടുത്ത് ഭൂമി വാങ്ങാന്‍ ശ്രമം നടത്തിയതും രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. നിയമപ്രശ്നവും പ്രതിഷേധവും ഉണ്ടായതോടെയാണ് അന്ന് പദ്ധതി ഉപേക്ഷിച്ചത്. ഫാക്ടറി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എഐടിയുസിവിന്റെ സമരത്തേയും ഇടതുമുന്നണി അവഗണിച്ചു. കെഎസ്ഐഡിസിയുടെ തിരുവനന്തപുരം ആസ്ഥാനത്തിന് മുന്നിലെ നെടുനാള്‍ സമരവും അവഗണിച്ചു. സമരക്കാരെ വ്യവസായ മന്ത്രി ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ല. അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഭൂമാഫിയക്ക് അനുകൂലമായി, തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് എഐടിയുസി പരസ്യമായി ആരോപിച്ചിരുന്നു.
തുടരുന്ന സമരം
ഫാക്ടറി തുറക്കണമെന്നാശ്യപ്പെട്ട് ബഹുതല സമരമാണ് സംയുക്ത സമരസമിതി നടത്തുന്നത്. കോംട്രസ്റ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം തുടങ്ങിയിട്ട്. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്പ്പറേഷന് മുന്നിലും ആറ് മാസം സത്യഗ്രഹ സമരം നടത്തി.സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം, കഞ്ഞിവെപ്പ് സമരം, പട്ടിണി സമരം, രാപ്പകല്‍ സമരം, ധര്‍ണ, പിക്കറ്റിങ്, തുടങ്ങി നിരവധി സമരങ്ങള്‍. എന്നാല്‍ ഇടതു സര്‍ക്കാര്‍ തൊഴിലാളികളോട് കനിഞ്ഞിട്ടില്ല.തൊഴിലാളി സംരക്ഷകരെന്ന് വീമ്പ് പറയുന്ന ഇടതു സര്‍ക്കാര്‍ വാസ്തവത്തില്‍ എന്ത് ചെയ്യുന്നു എന്നതിന്റെ തെളിവാണ് കോംട്രസ്റ്റെന്ന് സംയുക്ത സമരസമിതി പ്രസിഡന്റും ബിഎംഎസ് മുതിര്‍ന്ന നേതാവുമായ കെ. ഗംഗാധരന് പറഞ്ഞു. ഫാക്ടറി തുറക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എഐടിയുസി നേതാവും സമരസമിതി കണ്‍വീനറുമായ ഇ.സി. സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: