ഇരുട്ടില്‍ തപ്പുന്ന ഭരണം എന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും അത് പൂര്‍ണമായും യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം. കൊവിഡ് വ്യാപനം രൂക്ഷമാക്കിയ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ ജനരോഷമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ സാമൂഹിക ജീവിതം അസാധ്യമാക്കുന്നവിധം ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന ചില നിയന്ത്രണങ്ങളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയും, കടകള്‍ കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ വാക്സിനേഷന് രേഖയോ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ കാണിക്കണമെന്ന നിബന്ധന ജനങ്ങളെ നട്ടംതിരിക്കുന്നതാണ്. ഇത്തരം രേഖകള്‍ കാണിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍, ഇങ്ങനെയൊരു നിബന്ധന കര്‍ശനമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരെ നിയമസഭയില്‍ പ്രതിഷേധമുയര്‍ന്നത് സ്വാഭാവികം. ആരു പറയുന്നതാണ് ശരി എന്ന ആശയക്കുഴപ്പത്തിനിടയില്‍ ചീഫ് സെക്രട്ടറി പറഞ്ഞതാണ് ശരി എന്നു ആരോഗ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു.
സര്‍ക്കാരിനെ നയിക്കുന്നവര്‍ സ്വബോധത്തോടെയാണോ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചികിത്സാ ആവശ്യങ്ങള്‍, കല്യാണം, മരണം എന്നിവയ്ക്കു മാത്രമേ യാത്ര ചെയ്യാനാവൂ എന്നതാണ് വിചിത്രമായ മറ്റൊരു നിര്‍ദ്ദേശം. അപ്പോള്‍ ജനങ്ങള്‍ എങ്ങനെ ജോലിക്കു പോകും? ജോലിക്കു പോകുന്നവരെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിഴയടപ്പിക്കില്ലെന്ന് ആരു കണ്ടു? ആദ്യ ഡോസുപോലും വാക്സിന് എടുക്കാത്തവരാണ് ജനസംഖ്യയില്‍ വലിയൊരു വിഭാഗം. ഇവരിലേറെയും യുവതീയുവാക്കളാണ്.
പുതുക്കിയ ഉത്തരവനുസരിച്ച് ഇവര്‍ക്കൊന്നും കടയില്‍ ചെന്ന് ഒരു സാധനവും വാങ്ങിക്കാനാവില്ല. ജനങ്ങളില്‍ പകുതിയിലധികം പേര്‍ക്കും പുറത്തിറങ്ങണമെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടിവരുമെന്ന അവസ്ഥ എത്രമാത്രം അപ്രായോഗികമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ചെറുപ്പക്കാര്‍ വീട്ടിലിരിക്കുകയും, പ്രായമായവര്‍ കൂടുതലായി പുറത്തിറങ്ങുകയും ചെയ്താല്‍ ഗുരുതരമായ സ്ഥിതിവിശേഷമായിരിക്കും അത് സൃഷ്ടിക്കുക. രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെങ്കില്‍ ഇങ്ങനെയൊന്നും പാടില്ലെന്ന് സാധാരണക്കാര്‍ക്കുപോലും അറിയാമെന്നിരിക്കെ വിദഗ്ദ്ധരുള്‍പ്പെടുന്ന അവലോകന സമിതിക്കാര്‍ക്ക് അത് തോന്നുന്നില്ലെങ്കില്‍ വൈദ്യരെ സ്വയം ചികിത്സിക്കൂ എന്നേ പറയാനുള്ളൂ.
കൊവിഡ് രോഗം ഗുരുതരമാകുന്ന പലര്‍ക്കും മണവും രുചിയുമൊക്കെ തിരിച്ചറിയില്ലെന്നു മാത്രമല്ല, ഗ്രഹണശേഷി പോലും നഷ്ടപ്പെടുന്നുണ്ട്. ഇങ്ങനെയൊരു സ്ഥിതിയിലാണോ പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഉപദേശകരെ തടഞ്ഞിട്ട് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വിദഗ്ദ്ധന്മാര്‍ക്കുമില്ല യാതൊരു കുറവും. പക്ഷേ കൊവിഡ് പ്രതിരോധത്തിന്റെ കാര്യം വരുമ്പോള്‍ ഇവരുടെയൊക്കെ തല പരിശോധിക്കേണ്ട സ്ഥിതിവിശേഷമാണ്. കൊവിഡ് വ്യാപനം തടയാനുള്ള മാര്‍ഗം ആള്‍ക്കൂട്ടം തടയുകയെന്നതാണ്. സാമൂഹിക അകലം പാലിക്കാന്‍ ഇതാവശ്യമാണ്. ഇതിനുവേണ്ടി ഫലപ്രദമായി എന്തൊക്കെ നിയന്ത്രണങ്ങളാവാം, ഇളവുകള്‍ എത്ര വരെയാകാം എന്ന് ചിന്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിന് അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിക്കേണ്ടത്. ഇതിനുപകരം അശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെയും ആലോചനാശൂന്യമായ ഇളവുകളിലൂടെയും അറുതിയില്ലാത്ത പിഴ ചുമത്തലിലൂടെയുമൊക്കെ രോഗം നിയന്ത്രിക്കാമെന്ന് കരുതുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. കൊവിഡിനെ നിയന്ത്രിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അടുത്തിടെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര സംഘം റിപ്പോര്‍ട്ട് ചെയ്തത്. തലതിരിഞ്ഞ നടപടികളിലൂടെ രോഗവ്യാപനം കൂടുകയേയുള്ളൂ. ദുരഭിമാനം വെടിഞ്ഞ് സര്‍വ്വകക്ഷിയോഗം വിളിച്ച് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും, ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുകയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: