കൊല്ലം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ് ബാനര്‍ജി (41) അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പി.എസ് ബാനർജി കൊല്ലം സ്വദേശിയാണ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു പി.എസ് ബാനർജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പും ബാനർജിക്ക് ലഭിച്ചിട്ടുണ്ട്.
ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായിരുന്നു അദ്ദേഹം. നടൻ പാട്ടിലും നല്ല ശ്രദ്ധ നേടിയ കലാകാരനായിരുന്നു. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടന്‍ പാട്ടുകള്‍ ആലപിച്ചത് ബാനര്‍ജിയായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ജയപ്രഭ. മക്കള്‍: ഓസ്കാര്‍, നൊബേല്‍.
ലളിതകലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് രണ്ടാഴ്ച മുന്‍പാണ് ബാനര്‍ജി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവ പ്രതിഭയായി 2014-ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ചൈതന്യ ലെയ്നിലായിരുന്നു താമസം. ബാനര്‍ജിയുടെ വിയോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: