തൃശൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ നിരന്തരം ആക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത നടനെതിരെ നല്കിയ പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് വനിത ഡോക്ടര്‍. സിനിമാ-സീരിയല്‍ നടന് കണ്ണന് പട്ടാമ്പി എന്ന എ.കെ രാജേന്ദ്രനെതിരെ പട്ടാമ്പി സേവന ആശുപത്രിയിലെ ഡോ.രേഖ കൃഷ്ണനാണ് പരാതി നല്‍കിയത്. ജൂലൈ 11ന് നല്കിയ പരാതിയില്‍ പട്ടാമ്പി പോലീസ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡോ. രേഖാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലും ഇയാള്‍ തുടരുകയാണ്. പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പോലീസ് പറയുന്നതെങ്കിലും ഇയാള്‍ സമൂഹത്തില്‍ സജീവമാണ്. താന്‍ വ്യാജ ഡോക്ടറാണെന്ന ആരോപണത്തിന് പുറമേ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും കണ്ണന് പട്ടാമ്പി പ്രചരിപ്പിക്കുന്നുണ്ടെന്ന് ഡോ.രേഖ ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരമായ അധിക്ഷേപമാണ് ഇയാള്‍ തനിക്കെതിരെ നടത്തുന്നത്.
തനിക്കെതിരെയുള്ള വ്യാജ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷയില്‍ പുനരന്വേഷണത്തിന്ഉത്തരവായിട്ടുണ്ട്. ഏഴ് കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ താര സംഘടനയായ അമ്മയും ഫെഫ്ക്കയും തയ്യാറാകണം. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ നടപടി ആവശ്യപ്പെട്ട് പാലക്കാട് എസ്പി, ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്.പി എന്നിവര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്ന് ഡോ.രേഖ അറിയിച്ചു. ഭര്‍ത്താവ് ഡോ.ജിജി വി.ജനാര്‍ദ്ദനനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: