ഇന്ത്യന്‍ ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ടോക്കിയോ ഒളിമ്പിക്സില്‍ പ്രകടമായത്. 41 വര്‍ഷങ്ങള്‍ക്കു ശേഷം വിജയപീഠത്തില്‍ കയറുന്നത് മൂന്നാം സ്ഥാനക്കാരായിട്ടാണെങ്കിലും ആ നേട്ടത്തിനു പൊന്‍തിളക്കമുണ്ട്. കാരണം, അതു നേടിയ ശൈലി, ഹോക്കിയില്‍ ഇന്ത്യയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ നല്കുന്നു. പോരാട്ടവീര്യത്തിന്റെ പാരമ്യത്തിലായിരുന്നു ഇന്ത്യ. 1980ല്‍ മോസ്കോയില്‍ തമിഴ്നാട്ടുകാരന് വി. ഭാസ്കരന്റെ നേതൃത്വത്തില്‍ നേടിയ സ്വര്‍ണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ഒളിമ്പിക് മെഡലണിയുന്നത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ 5-4ന് മറികടന്നത് ലോക ഹോക്കിയിലെ പ്രബലരായ ജര്‍മനിയെയാണ്. പ്രമുഖര്‍ക്കു മുന്നില്‍ പതറുന്ന സ്വഭാവം ഇന്ത്യ കൈവിട്ടിരിക്കുന്നു എന്നതിനു തെളിവാണ് രണ്ടു ഗോളിനു പിന്നില്‍ പോയിട്ടും പൊരുതി തിരിച്ചുവരാനും മുന്നില്‍ കയറാനും, കിട്ടിയ ലീഡ് നിലനിര്‍ത്താനും കാണിച്ച ദൃഢനിശ്ചയം. പി.ആര്. ശ്രീജേഷ് എന്ന മലയാളി ഗോള്‍കീപ്പറുടെ മികവിന് അടിവരയിട്ട ഈ വിജയം കേരളക്കരയ്ക്കു പ്രത്യേകിച്ചും അഭിമാനകരം തന്നെ. കളിമികവുകൊണ്ടു മാത്രമല്ല നേതൃത്വ മികവുകൊണ്ടും ടീമിന്റെ ഊര്‍ജ സ്രോതസ്സായി മാറിയ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ മുഖശ്രീയായി. ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ നേടിയ വെള്ളി മെഡല്‍ കൂടിയായതോടെ ഇന്നലത്തെ ദിവസം ഇന്ത്യക്കു നേട്ടത്തിന്റേതായി. ആദ്യ ദിവസം ഭാരോദ്വഹനത്തില്‍ വെള്ളി നേടിക്കൊണ്ട് മീരാബായി ചാനു കുറിച്ച തുടക്കം ഇന്ത്യക്ക് ഉണര്‍വു പകര്‍ന്നു. രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇതുവരെയുള്ള നേട്ടം.
ഇന്ന് ഇന്ത്യന്‍ വനിതകളും ഹോക്കി വെങ്കല മെഡല്‍ തേടി കളത്തില്‍ ഇറങ്ങുകയാണ്. സെമി പ്രവേശനത്തോടെ ചരിത്രം കുറിച്ച അവര്‍ മെഡല്‍ നിലയിലെത്തിയാല്‍ ഇന്ത്യന്‍ ഹോക്കിക്ക് ഇരട്ടി മധുരമാകും. ചരിത്രവുമാകും. ഇരുടീമുകളും ഒരുമിച്ച് മോസ്കോ ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും വനിതകള്‍ അന്നു മെഡല്‍ നേടിയിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയയെ കീഴടക്കാന്‍ കാണിച്ച പോരാട്ടവീര്യം ആവര്‍ത്തിച്ചാല്‍ ആ ചരിത്രത്തിനും ടോക്കിയോ വേദിയായിക്കൂടെന്നില്ല. ടോക്കിയോ ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യവേദിയാണ്. ഒളിമ്പിക് ഹോക്കിയിലെ തുടര്‍ച്ചയായ ആധിപത്യത്തിനു ശേഷം അതു പാകിസ്ഥാനു മുന്നില്‍ അടിയറ വച്ച ഇന്ത്യ സ്വര്‍ണം തിരിച്ചു പിടിച്ചത് 56 കൊല്ലം മുന്‍പ് 1964ല്‍ ടോക്കിയോ ഒളിമ്പിക്സിലായിരുന്നല്ലോ.
സീനിയര്‍ തലത്തില്‍ ആദ്യമായി രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന എട്ടോളം യുവതാരങ്ങള്‍ അടങ്ങിയതാണ് പുരുഷ വിഭാഗം ടീം ഇന്ത്യ. അതിനര്‍ഥം ഭാവിയിലേക്ക് ഈ നിരയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കാം എന്നാണ്. യുവതാരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരുടെ നല്ലൊരു നിരയുമുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പും പരിചയസമ്പത്തിന്റെ പക്വതയും വിദഗ്ധമായി ഇണക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞതാണ് നേട്ടം. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ഓസ്ട്രേലിയക്കാരന് കോച്ച് ഗ്രഹാം റീഡും സഹായി പീയൂഷ് ദുവെയും സെലക്ടര്‍മാരും അഭിനന്ദനമര്‍ഹിക്കുന്നു. പരമ്പരാഗത ഇന്ത്യന്‍ ശൈലിയുടെയും യൂറോപ്യന്‍ പവര്‍ ഹോക്കിയുടെയും മിശ്രിതമാണ് ഈ ടീം.
ഇന്ത്യന്‍ ഹോക്കിയെ കുറേക്കാലമായി പിന്തുടര്ന്നിരുന്ന പോരായ്മകളായിരുന്നു ഉറച്ചുനില്ക്കാന് സമയമെടുക്കുന്നതും അതിനിടയില്‍ ഗോള്‍ വഴങ്ങുന്നതും ഗോള്‍ വീണാല്‍ താളംപിഴക്കുന്നതുമൊക്കെ. കിട്ടിയ ലീഡ് നിലനിര്‍ത്താന്‍ കഴിയാതെ കീഴടങ്ങുന്നതും അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുന്നതും ഏറെ പഴികേട്ട ബലഹീനതകളായിരുന്നു. ആ ടീമിനെയല്ല കഴിഞ്ഞ ദിവസം മൈതാനത്തു കണ്ടത്. പെനാല്‍ട്ടി കോര്‍ണറുകള്‍ തടയുന്നതിലും നല്ല മികവു പുലര്‍ത്താന്‍ ടീമിനു കഴിയുന്നുണ്ട്. ഈ മാറ്റത്തിന് അടിസ്ഥാനം ആത്മവിശ്വാസവും ആക്രമണ തൃഷ്ണയുമാണ്. തിരിച്ചടിയില്‍ പതറാതെ സമചിത്തതയോടെ പൊരുതാനും, തകര്‍ക്കാനുമുള്ള ആവേശത്തോടെ ആക്രമിക്കാനുള്ള ധീരത ഇന്ത്യന്‍ ടീമില്‍ അധികം കാണാറില്ലാത്തതാണ്. അത് ആര്‍ജിക്കാന്‍ ടീമിനു കഴിഞ്ഞെങ്കില്‍ പരിശീലന ക്യാമ്പിലെ മാനസികമായ ഒരുക്കം ടീമിനു ഗുണം ചെയ്തു എന്നു വേണം കരുതാന്‍. കളികള്‍ വിശ്രമത്തിലായ കൊവിഡ്ക്കാലത്ത് ആറു മാസത്തോളം ക്യാമ്പില്‍ അടച്ചു പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം മാനസികമായി നല്ല തയ്യാറെടുപ്പു നടത്തിയിരുന്നു. എതിരാളിക്കു മേല്‍ മാനസിക മുന്‍തൂക്കം നേടുക എന്നത് മത്സരത്തില്‍ പ്രധാന ഘടകം തന്നെയാണ്. അത് ഇന്ത്യന്‍ കായിക ഭരണക്കാര്‍ തിരിച്ചറിയുന്നതിന്റെയും ടീമിലേക്കു സന്നിവേശിപ്പിക്കുന്നതിന്റെയും സൂചനകളാണ് ഇത്.
ഉയര്‍ച്ചതാഴ്ചകള്‍ ഏറെക്കണ്ടു ഇന്ത്യന്‍ ഹോക്കി. എട്ട് ഒളിമ്പിക് സ്വര്‍ണവും ഒരു ലോകകപ്പും ജയിച്ച ടീം പിന്നീടു ക്രമേണ ബലഹീനരായി. ഒളിമ്പിക്സില്‍ സെമിഫൈനല്‍ കണ്ടിട്ടു തന്നെ 41 വര്‍ഷമായി. രാജ്യാന്തര മത്സരങ്ങളില്‍ ജയം കൈവിട്ടതിനു പിന്നാലെ അഞ്ചും ആറും ഗോളുകള്‍ക്കു തോല്‍ക്കുന്നൊരു ടീമായി ഇന്ത്യ മാറി. ഇന്ത്യക്കു തോല്‍പ്പിക്കാനുണ്ടായിരുന്ന ടീമുകള്‍ പലതും ഒപ്പമെത്തി നമ്മെ കടന്നുപോയിട്ടും നമ്മള് നിന്നിടത്തു തന്നെ നില്ക്കുന്ന അവസ്ഥ വേദനയോടെയാണ് കളിപ്രേമികള്‍ കണ്ടത്. ഹോക്കിയില്‍ ഇന്ത്യ ശക്തിയേ അല്ല എന്ന നിലയില്‍ നിന്നാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്. അത്, ഇന്ത്യന്‍ കായികരംഗത്തിനു മൊത്തം പുതിയൊരു ഉണര്വിന് വഴിതെളിക്കട്ടെ. മെഡലുകള്‍ എത്ര നേടിയാലും ഹോക്കി മെഡല്‍ ഇന്ത്യക്ക് ഏറെ പ്രധാനമാണ്. കാരണം ഹോക്കി ഇന്ത്യയുടെ വികാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: