ന്യൂദല്‍ഹി: വോട്ടര്‍പട്ടികയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചു. കള്ളവോട്ടുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും നടപടികള്‍ ഏതുവിധം നടപ്പാക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകള്‍ 2019 ആഗസ്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് അടക്കം ഒഴിവാക്കുന്നതിന് പട്ടികയെ ആധാര്‍ ഡേറ്റാബേസുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരേണ്ടിവരും.
മരണ രജിസ്ട്രേഷനില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിന് രജിസ്ട്രേഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ രജിസ്ട്രാര്‍ ജനറല്‍ യുഐഡിഎഐയുടെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയെ അറിയിച്ചു. മരണമടയുന്നവരുടെ ആധാര്‍ റദ്ദാക്കുന്നതിന് നിലവില്‍ വ്യവസ്ഥയില്ല. നിയമ ഭേദഗതിക്കു ശേഷം ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: