കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ദിശ എന്ന കൗണ്‍സിലിങ് സംവിധാനം വഴി മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള സഹായം തേടുന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നത്. വിവിധ ജീവിത പ്രശ്നങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടവര്‍ പ്രശ്ന പരിഹാരം തേടുന്ന ഈ സംവിധാനത്തിലേക്ക് ദിവസം 25 ഫോണ്‍ വിളികളാണ് ശരാശരി ചെല്ലുന്നത്. കൊവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിക്കാലത്ത് സഹായം തേടുന്നവര്‍ കൂടി.
ആറാഴ്ചയില്‍ 20 പേര് വിവിധ പ്രശ്നങ്ങളില്‍ ആത്മഹത്യ ചെയ്ത ഭീതികരമായ വാര്‍ത്തകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ സേവന സംവിധാനമായ ദിശയുടെ സേവനം സംബന്ധിച്ച കണക്കെടുത്തത്. കഴിഞ്ഞ വര്‍ഷം 12,500 ഫോണ്‍ വിളികളാണ് ദിശയിലെത്തിയത്. ഈ വര്‍ഷം ജൂലൈയില്‍ മാത്രം 755 വിളികള്‍ വന്നു, കൗണ്‍സിലര്‍മാര്‍ പരിഹാരങ്ങളും സാന്ത്വന വഴികളും നിര്‍ദേശിച്ചു. വിളിക്കുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. മൂന്നില്‍ രണ്ട് ഫോണ്‍വിളികളും സ്ത്രീകളുടേതാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് അധികം. പ്രവാസികളും സാന്ത്വനത്തിനും പ്രശ്നപരിഹാരത്തിന് വിളിക്കുന്നു. കഴിഞ്ഞ വര്‍ഷം 200ല്‍ അധികം പ്രവാസികള്‍ ദിശയെ സമ്പര്‍ക്കം ചെയ്തു.
മനഃസംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1250 വിദ്യാര്‍ഥികള്‍ വിളിച്ചു. ഇവര്‍ക്കെല്ലാം വിശദീകരണവും മറുപടികളും പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ 60 കൗണ്‍സിലര്‍മാരാണ് മൂന്ന് ഷിഫ്റ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. 2013 ലാണ് ദിശ പ്രവര്‍ത്തനം തുടങ്ങിയത്. ആത്മഹത്യ ചെയ്തവരില്‍ ചിലരെങ്കിലും ദിശയിലേക്ക് വിളിച്ചിട്ടുണ്ടാവുമോ. ഉണ്ടായിരിക്കാം. കാരണം, ആത്മഹത്യാ പ്രവണതയുള്ളവരുടെ വിളികളും വരാറുണ്ടെന്ന് ദിശ അധികൃതര്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍പ്പെട്ട 350 പേരോളം വിളിച്ചിട്ടുണ്ട്.
എന്നാല്‍, മനഃസംഘര്‍ഷം അനുഭവിക്കുന്നവരും ആത്മഹത്യാ പ്രവണതയുള്ളവരും ഇത്രത്തോളം ഉണ്ടായിട്ടും പരിഹാരം തേടിയ ഏറെ പേരെ രക്ഷിക്കാന്‍ ആയത് ചെറിയ കാര്യമല്ല. ഇപ്പോള്‍ കൊവിഡ് സംബന്ധിച്ച സംശയ നിവാരണത്തിനും ദിശ വഴിയാണ് മറുപടി നല്‍കുന്നത്.
(ദിശയുടെ സേവനം ഫോണില്‍ ലഭ്യമാകാന്‍: 1056 അല്ലെങ്കില്‍ 0471 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക: