തിരുവനന്തപുരം: കൊടുംക്രിനിമലായ ‘കാക്ക’ അനീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഭവം തെളിയിക്കുന്നത് കേരളത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ നിയമം കൈയിലെടുക്കേണ്ട അവസ്ഥവരെ കാര്യങ്ങള്‍ എത്തുന്നു എന്നതിലേക്കാണ്. ഇതുവരെ ഒരു കേസില്‍ പോലും പ്രതികളല്ലാത്ത അഞ്ച് യുവാക്കളാണ് തിരുവനന്തപുരം നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗമായ അനീഷിനെ വെട്ടി കൊന്നത്. ക്രിനിമലായ അനീഷിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ കൊല്ലേണ്ടി വന്നു എന്നാണ് യുവാക്കള്‍ പറയുന്നത്.. അനീഷിന്റെ ബന്ധുക്കളടക്കം പ്രതികളാണ്. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍, അനീഷിന്റെ ഗൂണ്ടാപ്രവര്‍ത്തനം തടയാന്‍ പോലീസ് സംവിധാനത്തിനു കഴിഞ്ഞില്ലെന്ന ആരോപണം ശക്തമാണ്.
ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. രാത്രി എട്ടരയോടെ പല ദിവസങ്ങളിലും അനീഷ് കിടന്നുറങ്ങുന്ന ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് വച്ചായിരുന്നു കൊലപാതകം. വിവിധ കേസുകളില്‍ പ്രതിയായ അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാവുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് അനീഷ്. മൂന്ന് തവണ കാപ്പ ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് അനീഷ് ജയിലില്‍ നിന്നിറങ്ങിയത്.
അന്വേഷണത്തില്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണു പ്രതികളെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവരാണ്. ഒരാള്‍ ബിരുധദാരി, രണ്ട് പേര് അനീഷിന്റെ ബന്ധുക്കള്‍. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങള്‍ കേട്ട് പൊലീസ് അമ്പരന്നതിനപ്പുറം കുറ്റംബോധം തോന്നേണ്ട അവസ്ഥയായിരുന്നു.
അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായി നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായതായി പൊലീസ് പറയുന്നു.
ശനിയാഴ്ച ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കള്‍ ഇരിക്കുകയായിരുന്നു. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു. അതു കയ്യാങ്കളിയിലെത്തി. അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്കു ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്പി പി കെ മധുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: