മുഖ്താര്‍ അബ്ബാസ് നഖ്വി
(രാജ്യസഭാ ഉപാധ്യക്ഷന്‍, കേന്ദ്ര മന്ത്രി)
പ്രതിപക്ഷം ഒരിക്കല്‍ക്കൂടി രാജ്യത്തെ നിരാശപ്പെടുത്തിയിരിക്കുന്നു. കൊറോണ അനുബന്ധ പ്രതിസന്ധി ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ പാര്‍ലമെന്റ് യോഗം ചേരണമെന്ന് കഴിഞ്ഞ ആറ് മാസങ്ങളായി ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഒരു ദിവസം പോലും പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇത് കൂടാതെ വര്‍ഷകാല സമ്മേളനം ഒരു ”പരാജയം” ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അവരുടെ പ്രസ്താവനകളിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തെ ”പുരാതന കക്ഷി”യായ കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളുടെ ”നിരുത്തരവാദ രാഷ്ട്രീയ”ത്തിന്റെ ”നേതാവായി” പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ മെയ് മാസം ആദ്യം, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്റിന്റെ ഒരു പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന എംപിമാര്‍ക്ക് കൊറോണ സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ നടത്താനുള്ളതിനാല്‍ പ്രത്യേക സമ്മേളനം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ”പുതിയ സുഹൃത്തായ” ശിവസേനയുടെ എംപി സഞ്ജയ് റൗട്ടും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രാജ്യത്തെ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സമയത്ത് പാര്‍ലമെന്റ് യോഗം ചേരുക അപകടകരമാണെന്ന് ഗവണ്മെന്റ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ഗവണ്മെന്റ് നിലപാടിനെ വിമര്‍ശിക്കുന്ന പ്രസ്താവനകള്‍ ദിവസങ്ങളോളം തുടരുകയാണ് ചെയ്തത്.
കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുകയാണ്. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ, കോവിഡ് കാലത്ത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സുഗമമായി നടത്തുന്നതിന് ഒരു ദിവസം പോലും സമ്മതിച്ചില്ല.
ഇത് കൂടാതെ, ഈ സമ്മേളനത്തിലെ ആദ്യ ദിവസം കൊറോണ പ്രതിസന്ധിയെ നേരിടാന്‍ ഗവണ്മെന്റ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാനും അതുമായി ബന്ധപ്പെട്ട ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കളെ പ്രത്യേക യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസില്‍ നിന്നടക്കമുള്ള ചില നേതാക്കള്‍ എന്തിനാണ് പ്രത്യേക യോഗം വിളിക്കേണ്ട ആവശ്യം, ഗവണ്മെന്റിന് പറയാനുള്ളതെല്ലാം പാര്‍ലമെന്റില്‍ പറയണം എന്നിങ്ങനെയാണ് പ്രതികരിച്ചത്.
”മുതിര്‍ന്നവരുടെ സഭ” എന്നറിയപ്പെടുന്ന രാജ്യസഭയില്‍ ആദ്യ ആഴ്ചയില്‍ തന്നെ മുതിര്‍ന്ന മന്ത്രിയുടെ കൈകളില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ചതോടെ പ്രതിപക്ഷത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട ഗൗരവം അപ്രത്യക്ഷമായി. ലോക്സഭയില്‍ പ്രതിക്ഷത്തുനിന്നുള്ള എംപിമാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ അതത് ദിവസത്തെ വളരെ പ്രധാനപ്പെട്ട കടലാസുകള്‍ തട്ടിപ്പറിച്ച് വലിച്ചെറിയുകയും ചിലര്‍ കടലാസുകള്‍ കീറി സ്പീക്കര്‍ക്ക് നേരെ എറിയുകയും ചെയ്തു. സ്പീക്കറുടെ പോഡിയത്തിന് മുകളിലുള്ള പ്രസ് ഗ്യാലറിയിലേക്ക് പോലും അവര്‍ കീറിയെറിഞ്ഞ കടലാസുകള്‍ എത്തുകയുണ്ടായി. സഭാനടപടികള്‍ രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കിടയിലും ഭയാശങ്കകള്‍ കൂടാതെ അവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചു.
പ്രതിപക്ഷം തങ്ങളുടെ ”നിരുത്തരവാദപരമായ പ്രവൃത്തികള്‍, കൊട്ടിഘോഷിക്കപ്പെട്ട ”പെഗാസസ് വിവാദത്തിന്റെ” തണലിലാണ് നടത്തിയത്. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും ബന്ധപ്പെട്ട മന്ത്രിമാര്‍ പെഗാസസ് വിവാദവുമായി ബന്ധപ്പെട്ട് മറുപടി നല്കി എന്ന കാര്യവും ശ്രദ്ധിക്കുക. അഥവാ നിയമപ്രകാരം മന്ത്രിമാരുടെ പ്രസ്താവനകളില്‍ വ്യക്തത ആവശ്യമുണ്ടെങ്കില്‍ അതിന് അവസരം ലഭിക്കുന്ന രാജ്യസഭയിലാകട്ടെ ബഹളമുണ്ടാക്കാനും മന്ത്രിമാരുടെ കൈയില്‍ നിന്ന് കടലാസുകള്‍ പിടിച്ചുപറിക്കാനുമായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രദ്ധ.
പ്രതിപക്ഷത്തിന്റെ ഇതുവരെയുള്ള നടപടികളില്‍ നിന്ന് ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കൊറോണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അടിയന്തര പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷാവശ്യം ഗവണ്മെന്റിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമായിരുന്നോ? ചര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കില്‍ സമ്മേളനം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിപക്ഷം എന്താണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നത്? അതോ രണ്ടാം തരംഗം നിയന്ത്രണ വിധേയമാകുമ്പോഴും കേരളം, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ചര്‍ച്ച ബൂമറാംഗ് പോലെ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന് പിന്തിരിയുകയാണോ? അതോ വിശദമായ ചര്‍ച്ചകള്‍ നടന്നാല്‍ ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രതിക്കൂട്ടിലാകുമെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ടോ? മോദി ഗവണ്മെന്റിനെതിരെ ഐക്യം ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷം സഭയില്‍ ഓരോന്നായി ചര്‍ച്ച ചെയ്താല്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഐക്യം ഇല്ലാതാകുമെന്ന് ഭയക്കുന്നുണ്ടോ? പ്രതിപക്ഷ ഐക്യത്തിലെ പൊള്ളത്തരം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ വെളിവാകുകയാണ്. കോണ്‍ഗ്രസ് യോഗം വിളിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അതില്‍ പങ്കെടുക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ കോണ്‍ഗ്രസ് ആ യോഗം ബഹിഷ്കരിക്കും.
”പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗം” ആകാതെ മഹാമാരിക്കാലത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ”രാഷ്ട്രീയ മാലിന്യം” പ്രസരിപ്പിക്കുകയാണ് ചെയ്തത്. അവര്‍ ”ദേശീയ ദുരന്തത്തെ” ”രാഷ്ട്രീയ അവസരം” ആയി ഉപയോഗിക്കാനാണ് ശ്രമിച്ചത്.
ഈ മഹാമാരിയ്ക്കെതിരെ യോജിച്ച് പോരാടുന്നതിന് പകരം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഗവണ്മെന്റിന്റെ കോവിഡ് പ്രതിരോധ നടപടികളെ പാളം തെറ്റിക്കണമെന്ന ലക്ഷ്യമാണുണ്ടായിരുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു താല്പര്യവുമില്ലാത്ത, അവരെ ബാധിക്കാത്ത പെഗാസസ് വിവാദം പോലുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ വിഷയം ചര്‍ച്ച ചെയ്ത് പ്രതിപക്ഷം ഇപ്പോഴും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നു.
മുമ്പും രാജ്യത്തെ ജനങ്ങളുടെ താല്പര്യം മനസിലാക്കാതെ പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തവണയും അവരെ കാത്തിരിക്കുന്നത് സമാന വിധിയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചെയര്മാന്, സ്പീക്കര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം അതത് സഭകളില്‍ നിലനില്‍ക്കുന്ന നിയമങ്ങളും വകുപ്പുകളും അനുസരിച്ച് കൊറോണ മഹാമാരി, കര്‍ഷക സമരം, പണപ്പെരുപ്പം, പ്രളയം പോലുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഗവണ്മെന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പെഗാസസ് വിഷയത്തിലും ഗവണ്മെന്റ് സമയമബന്ധിതമായി പാര്‍ലമെന്റില്‍ പ്രതികരണം നടത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വിഷയത്തില്‍ ‘ഹിറ്റ് ആന്‍ഡ് റണ്‍’ നയമാണ് പാര്‍ലമെന്റില്‍ സ്വീകരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ ”നിഷോധാത്മകവും വിനാശകരവുമായ” സമീപനം പ്രതിപക്ഷത്തിന്റെ ആകെ നിലപാടായി ഉയര്‍ത്തിക്കാട്ടി ചര്‍ച്ചകള്‍ക്കും അതുവഴി പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനും സഹായകരമായ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടുകളെ ”ഹൈജാക്ക്” ചെയ്യുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: