സഹകരണമാണ് വിഷയം. സഹകരണ ബാങ്കുകള്‍ക്ക് മുമ്പേ സഹകരണമുണ്ടായിരുന്നു. സാമ്പത്തിക സഹകരണത്തിന്റെ ഘട്ടത്തിലാണ് ബാങ്കുകള്‍ വരുന്നത്.സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ്, 1942 ല്‍ അന്തരിച്ച, മലയാളത്തിലെ പ്രസിദ്ധ ലേഖനമെഴുത്തുകാരന് കൂടിയായിരുന്ന സാഹിത്യകാരന് അപ്പന് തമ്പുരാന് ‘മംഗളോദയ’ത്തില്‍ എഴുതിയ ഒരു ലേഖനമുണ്ട്, സഹകരണത്തെക്കുറിച്ച്. അത് മലയാള സ്കൂള്‍ പാഠപുസ്തകത്തിന്റെ ഭാഗമായിരുന്നു ഒരുകാലത്ത്. കുറഞ്ഞത്, 80 വര്‍ഷം മുമ്പെഴുതിയ ലേഖനം. അതിന്റെ അവസാനഭാഗം ഇങ്ങനെ: ”പരസ്പര സഹായസംഘങ്ങളുടെ ഉദ്ദേശ്യം, മനുഷ്യരില്‍ ഒരുമയും സത്യവും മര്യാദയും വര്‍ധിപ്പിക്കുകയാണെന്ന് ഒരു സഹകാരി എന്നോട് പറയുകയുണ്ടായി. ഈ ധര്മലംഘനം ഇല്ലായിരുന്നുവെങ്കില്‍ പരസ്പര സഹായസംഘങ്ങളുടെ ആവിര്‍ഭാവത്തിന് അവകാശമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ലോകത്തിന്റെ ദുസ്ഥിതി പരിഹരിക്കുവാനും അഭിവൃദ്ധി സമ്പാദിക്കുവാനും ഇങ്ങനെയുള്ള സംഘങ്ങളുടെ സഹായംകൂടാതെ ഇക്കാലത്തുതന്നെയല്ല മേലിലും സാധിക്കില്ലെന്ന് സ്പഷ്ടമാകുന്നു. സുഖഭോഗങ്ങളിലും ധനാര്‍ജനത്തിലും ആസക്തമായ ജനങ്ങളെ സന്മാര്ഗത്തില് നയിക്കുവാന്‍, അവരുടെ ആഗ്രഹങ്ങളെ നിവര്‍ത്തിക്കുവാന്‍ പരസ്പര സഹായംതന്നെയാണ് എളുപ്പവഴിയെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. തൊഴിലില്ലായ്മ പരിഹരിക്കാനും ജനങ്ങളുടെ ഉപജീവനം സുഗമമാക്കിത്തീര്ക്കാനും പരസ്പര സഹായങ്ങള്‍ ഏറ്റവും ഉപകാരപ്രദങ്ങളായിത്തീരേണ്ടതാണ്.” കൊച്ചിരാജ കുടുംബാംഗമായിരുന്ന അപ്പന് തമ്പുരാന് പ്രയോഗിച്ചത് ‘ഈ ധര്‍മ ലംഘനം’ എന്നാണ്. ഒരുമ, സത്യം, മര്യാദ എന്നിവയാണ് ആ ധര്‍മങ്ങള്‍.
ഇനി, 80 വര്‍ഷത്തിനിപ്പുറം വളര്‍ന്നു പന്തലിച്ച, കേരളത്തിലെ സഹകരണ സംവിധാനത്തെക്കുറിച്ച് അറിയാം. സഹകരണ പ്രസ്ഥാനത്തിന്റെ സ്വഭാവം, ഏറെക്കുറേ ഇങ്ങനെയാണ്: പല കുടുംബങ്ങളില്‍പ്പെട്ടവര്‍ 10 മുതല്‍ 100 വരെ വിലയുള്ള വിഹിതം ഓഹരിയാക്കി രൂപപ്പെടുത്തിയ പ്രസ്ഥാനങ്ങളാണ് കേരളത്തില്‍ വിവിധ മേഖലയില്‍ വ്യാപിച്ചിട്ടുള്ള സഹകരണ പ്രസ്ഥാനങ്ങള്‍. ക്ഷീരമേഖല (മില്‍മ), കൈത്തറി (ഹാന്‍ഡ്ലൂം, ഹാന്റക്സ്), കയര്‍ഫെഡ്, കേരഫെഡ് തുടങ്ങിയവ ചിലത്. കോ-ഓപ്പറേറ്റീവ് കോളേജുകളും കോ-ഓപ്പറേറ്റീവ് ബാങ്കുകളും അടക്കം പലതുണ്ടെങ്കിലും ബാങ്കാണ് ഏറെ പ്രസിദ്ധവും ജനങ്ങള്‍ ആശ്രയിക്കുന്നതും.
ഈ സഹകരണ ബാങ്കുകള്‍ വായ്പാ വിതരണം നടത്തുന്നതിലാണ് ഏറെ ജനപ്രിയമാകുന്നത്. പൗരന്മാര് അംഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങള്‍, ഈ പ്രാഥമിക സഹകരണ സംഘങ്ങള്‍ അംഗങ്ങളായ ജില്ലാ ബാങ്കുകള്‍, ആ ബാങ്കുകള്‍ അംഗങ്ങളായ സംസ്ഥാന സഹകരണ ബാങ്ക്. എന്നിങ്ങനെ ത്രിതലമാണ് ഈ മേഖല.
ഈ സഹകരണ ബാങ്കുകള്‍ മറ്റ് പൊതുബാങ്കുകള്‍ പോലെയല്ല. അവയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്കുന്ന ‘ബാങ്ക്’ പദവിയില്ല. വാണിജ്യബാങ്കുകളോ ഷെഡ്യൂള്‍ഡ് ബാങ്കുകളോ അല്ല. ബാങ്കിങ് റെഗുലേഷന് ആക്റ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളല്ല. പിന്നെയോ, കേരള സഹകരണ നിയമം മാത്രമാണ് കേരളത്തിലെ ഇത്തരം ബാങ്കുകള്‍ക്ക് ബാധകം. വാസ്തവത്തില്‍ ബാങ്കുകള്‍ എന്ന് വിശേഷിപ്പിക്കാനും പാടില്ല. കാരണം, ബാങ്കുകളെ പോലെ ഇന്ത്യയിലെമ്പാടുമോ സംസ്ഥാനം മുഴുവനുമോ പ്രവര്‍ത്തന അധികാരവുമില്ല. പ്രവര്‍ത്തന പരിധി ഒരു പഞ്ചായത്ത് അല്ലെങ്കില്‍ താലൂക്ക് ആണ്. എന്നാല്‍, സഹകരണ മേഖലയില്‍, നിക്ഷേപ ആസ്തി കൊണ്ടും പ്രവര്‍ത്തന മൂലധനം കൊണ്ടും കേരളത്തില്‍ ഷെഡ്യൂള്‍ഡ് പദവിയില്‍ എത്തിയിരുന്നു സംസ്ഥാന സഹകരണ ബാങ്ക് എന്നതും ഓര്‍മിക്കണം.
അര്‍ബന്‍ ബാങ്കുകള്‍ക്ക് മാത്രമാണ് സഹകരണ മേഖലയില്‍ ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണമുള്ള മറ്റൊരു വിഭാഗം. ആര്‍ബിഐയുടെ നിയന്ത്രണം എന്ന് പറയുമ്പോള്‍, നിക്ഷേപകരുടെയും ഇടപാടുകാരുടെയും പണത്തില്‍ ഇന്ത്യന്‍ ധനകാര്യ വകുപ്പിന് റിസര്‍വ് ബാങ്ക്വഴി ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നാണര്ഥം. അല്ലാതെ, കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കിനെ ഇല്ലാതാക്കുമെന്നല്ല. 2021 ജൂലൈ 28 ന്, കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ എടുത്ത സുപ്രധാനമായ തീരുമാനം ശ്രദ്ധിക്കുക- ബാങ്കുകള്‍ പൊളിയുകയോ പ്രവര്‍ത്തനം സ്തംഭിക്കുകയോ ചെയ്താല്‍ നിക്ഷേപകര്‍ക്ക് 90 ദിവസത്തിനകം അഞ്ചുലക്ഷം രൂപവരെ പരിരക്ഷയായി നല്‍കും. ഇതുവരെ ഇത് ഒരുലക്ഷം രൂപയായിരുന്നു. കൊവിഡ്, ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഈ തീരുമാനം. കേരളത്തിലെ സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് ഈ നേട്ടം കിട്ടില്ല. കാരണം റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലല്ല അവ. (ഈ വിഷയം കേരളത്തിലെ ഒരു ധന-സാമ്പത്തികകാര്യ വിദഗ്ധരും ചര്‍ച്ചചെയ്തില്ലെന്നത് ശ്രദ്ധിക്കണം)
ആര്‍ബിഐക്ക് പകരം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ നിയമത്തിനും ചട്ടത്തിനും അനുസരിച്ച്, സഹകരണ വകുപ്പിന്റെ കീഴിലാണ് ഓരോ സംഘവും പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാര്‍ക്കാണ് ബാങ്കുകളുടെ മേല്‍നോട്ടം. സഹകരണ ഓഡിറ്റര്‍മാരുടെ പാനലില്‍ നിന്ന് നിയോഗിക്കുന്നവര്‍ വര്‍ഷാവസാനം ഓഡിറ്റ് നടത്തുന്നു. ഇവര്‍ക്കുമേല്‍ ജില്ലാ സഹകരണ രജിസ്ട്രാര്‍ ഫൈനല്‍ ഓഡിറ്റ് നടത്തും. ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തലവനായ വിജിലന്‍സിനാണ് ബാങ്കുകളില്‍ പരിശോധനക്ക് അവകാശം. സഹകരണ വകുപ്പ് രജിസ്ട്രാറാകട്ടെ, വകുപ്പ് മന്ത്രിയുടെ നിയന്ത്രണത്തിലാണ്. മന്ത്രിയോ, ഒരു പാര്‍ട്ടിയുടെ നിയന്ത്രണത്തിലും. പാര്‍ട്ടി എന്നാല്‍ ഭരണകക്ഷി.
ഇതാണ് സംസ്ഥാനത്തെ സഹകരണത്തിന്റെ സ്ഥിതി. 80 വര്‍ഷം മുമ്പ് അപ്പന്‍തമ്പുരാനോട് ഒരു സഹകാരി പറഞ്ഞ ‘മനുഷ്യരില്‍ ഒരുമയും സത്യവും മര്യാദയും വര്‍ധിപ്പിക്കുകയാണോ’ ഇന്ന് സഹകരണ സംവിധാനം ചെയ്യുന്നതെന്ന് ചിന്തിച്ചാല്‍ കൗതുകകരമാണ്. സഹകരണ ബാങ്കുകളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. സഹകരണ ബാങ്കുകള്‍ ചിലതില്‍, അല്ല, പലതിലും, ബാങ്ക് നടത്തിപ്പുകാരും ഇടപാടുകാരും തമ്മില്‍ ‘ഒരുമ’യില്ല, ഇടപാടുകളില്‍ ‘സത്യ’മില്ല, പ്രവര്‍ത്തനത്തില്‍ ‘മര്യാദ’യുമില്ല. എന്തുകൊണ്ട്, എട്ട് പതിറ്റാണ്ടിനിടെ ഈ മാറ്റം അല്ലെങ്കില്‍ കുഴമറിച്ചില്‍ എന്നന്വേഷിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തം.
തിരുവിതാംകൂറില്‍ 1914 മുതലുണ്ട് വ്യവസ്ഥാപിതമായ സഹകരണ പ്രസ്ഥാനം. കൊച്ചിയില്‍ 1913 മുതലും. മലബാറില്‍ 1932 ആയി എത്തുമ്പോള്‍. 1951 ല്‍ തിരു-കൊച്ചി സഹകരണ ആക്ട് വന്നു. 1969 ല്‍ കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് നിലവില്‍വന്നു, അതത് കാലം അതില്‍ ഭേദഗതികളും.സഹകരണ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് ബാങ്കിനെ ദുരുപയോഗിക്കാമെന്ന് കണ്ടെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണവുമാണ് ഈ മേഖലയെ നശിപ്പിച്ചത്. നശിപ്പിച്ചു എന്നല്ല പറയേണ്ടത്, രാഷ്ട്രീയാതിപ്രസരത്തിലൂടെ അവരുടെ സാമ്പത്തികാവശ്യത്തിനുള്ള കറവപ്പശുവാക്കി. അത് പാര്‍ട്ടിയുടെ പിടിയില്‍നിന്ന് പാര്‍ട്ടിയിലെ ചില നേതാക്കളുടെ കൈപ്പിടിയിലേക്ക് മാറിയപ്പോള്‍ സമ്പൂര്‍ണമായി, ചിലരുടെ സാമ്പത്തികത്തട്ടിപ്പ് സംവിധാനമായി.കൂടുതല്‍ വിവരിക്കാതെ, നാലു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. ഒന്ന്: മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോളെല്ലാം സഹകരണ വകുപ്പ് ഭരിക്കുന്ന മന്ത്രിയാരാണ്? ആ പാര്‍ട്ടിയുടെ പ്രതിനിധിതന്നെ. വിദ്യാഭ്യാസവും വിദ്യുച്ഛക്തിയുമുള്പ്പെടെ ഘടകകക്ഷികള്‍ക്ക് കൊടുത്തിട്ടും സഹകരണ വകുപ്പ് കൈവിടാത്തതെന്തുകൊണ്ട്?
രണ്ട്: സിപിഐയിലെ മന്ത്രി ഇ. ചന്ദ്രശേഖരന് നായര്‍ ഭക്ഷ്യവകുപ്പുമന്ത്രിയായിരിക്കെ തുടങ്ങിയ മാവേലി സ്റ്റോറുകള്‍ ജനകീയ സംരംഭങ്ങളില്വെച്ച് ഏറ്റവും മാതൃകാപരമായിരുന്നു. ഒരിക്കലെങ്കിലും സഹകരണ വകുപ്പ് ഭരിക്കാന്‍ അദ്ദേഹവും സിപിഐയും എത്രവട്ടം അവസരം കെഞ്ചിയിട്ടും സിപിഎം അത് സമ്മതിക്കാത്തത് എന്തുകൊണ്ടാണ്?
മൂന്ന്: സിപിഎം വിട്ട് സിഎംപി രൂപീകരിച്ച സഖാവ് എംവി. രാഘവന് മന്ത്രിയായിരിക്കെ, വഴി തടഞ്ഞതിനാണല്ലോ 1995 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ വെടിവെപ്പ് നടന്നതും അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും ചിലര്‍ ചാകാതെചത്ത് കിടക്കുന്നതും. കൂത്തുപറമ്പ് അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് അന്ന് യുഡിഎഫ് സര്‍ക്കാരിലെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന രാഘവന്. ശ്രദ്ധിക്കണം-സഹകരണ വകുപ്പായിരുന്നു പഴയ സഖാവിന്റെ കൈവശം. പാര്‍ട്ടിയുടെ സകല രഹസ്യങ്ങളും അറിയാവുന്ന രാഘവന് സഹകരണ വകുപ്പ് ഭരിക്കുന്നതിനോടായിരുന്നില്ലേ മാര്‍ക്സിസ്റ്റ് നേതൃത്വത്തിന് ഭയവും വിയോജിപ്പും.
നാല്: മാര്‍ക്സിസ്റ്റ് പാര്‍ട്ടിവിട്ടുവന്ന രാഘവനെയും സിഎംപിയേയും യുഡിഎഫില്‍ ചേര്‍ത്ത കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്, രാഘവനെ സഹകരണവകുപ്പുതന്നെ ഭരിക്കാന്‍ ഏല്പ്പിച്ചതെന്തുകൊണ്ടായിരിക്കണം?ഇനി ചെയ്യാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. കേരള സഹകരണ ചട്ടത്തില്‍ പൊളിച്ചെഴുത്തുകള്‍ വേണം. അതുപക്ഷേ, ഇടതുപക്ഷ സര്‍ക്കാര്‍ സ്വയം ഇത് ചെയ്യില്ല. പിന്നെ, ചെയ്യിക്കേണ്ടത് സഹകരണ ബാങ്കുകളുമായി സഹകരിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: