കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ 2019-2021 ബാച്ച് എംബിഎ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. തുടര്‍പഠനവും ജോലിയുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. കാമ്പസ് പ്ലേസ്മെന്റ് വഴി ലഭിച്ച ജോലി നഷ്ടപ്പെട്ടവരും നഷ്ടപ്പെടുമോയെന്ന ആശങ്കയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. സെമസ്റ്റര്‍ പരീക്ഷകള്‍ കൃത്യമായി നടത്താത്തതും നടത്തിയ പരീക്ഷകളുടെ ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതുമാണ് വിദ്യാര്‍ഥികളുടെ ആശങ്കയ്ക്ക് കാരണം.
2021 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിച്ചിട്ടുണ്ടെങ്കിലും 2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എന്ന് നടക്കുമെന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുമില്ല.
വിദ്യാഭ്യാസ വായ്പയെടുത്താണ് മിക്ക വിദ്യാര്‍ഥികളും പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ചിലരെല്ലാം തിരിച്ചടവ് തുടങ്ങിയിട്ടുണ്ടെങ്കിലും ജോലി ലഭിച്ചാലേ ഭൂരിഭാഗത്തിനും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കൂ. കാമ്പസ് സെലക്ഷനിലൂടെയും മറ്റും ജോലി നേടിയ വിദ്യാര്‍ഥികള്‍ ഇക്കൂട്ടത്തിലുണ്ടെങ്കിലും ഒന്നാം സെമസ്റ്റര്‍ ഫലം ഹാജരാക്കാത്തതിനാല്‍ ഇവരുടെ ജോലി പോകുന്ന സാഹചര്യമാണ്. മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരീക്ഷാഫലവും സര്‍ട്ടിഫിക്കറ്റും ഹാജരാക്കുമ്പോള്‍ ഇവര്‍ക്കായി വേണ്ടി മാത്രം കാത്തിരിക്കാനാവില്ലെന്നാണ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പറയുന്നത്.
ഒന്നാം സെമസ്റ്ററിന്റെ ഫലം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണമെന്നും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 2021 ആഗസ്ത് അവസാനിക്കുന്നതിന് മുമ്പെങ്കിലും നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. പരീക്ഷകള്‍ ഓണ്‍ലൈനാക്കണം. ഓഫ്ലൈനിലാണ് പരീക്ഷകളെങ്കില് വീടുകളുടെ സമീപ സ്ഥലങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം.
മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷകള്‍ക്കിടയില്‍ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള അനുവദിക്കണം. 2021 സപ്തംബര്‍ മാസത്തിനുള്ളില്‍ നാലാം സെമസ്റ്റര്‍ പരീക്ഷ നടത്തണമെന്നും ഒക്ടോബര്‍ അവസാനിക്കുന്നതിന് മുമ്പ് ബാക്കിയുള്ള സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ക്ക് നിവേദനങ്ങളും പരാതികളുമെല്ലാം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികളായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: