റിയാദ്: രണ്ടു ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിനുള്ള അനുമതി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ് പി എ അറിയിച്ചു.
യാത്രയ്ക്ക് വാക്സിനേഷന് സർട്ടിഫിക്കറ്റും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന റിസൽട്ടും ഹാജരാക്കിയാല്‍ മതിയാകും. വ്യാഴാഴ്ച വൈകീട്ടാണ് സൗദി പ്രസ് ഏജന്‍സി ഇക്കാര്യം അറിയിച്ചത്. ടൂറിസം മന്ത്രാലയം ഞായറാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുമെന്നും ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുമെന്നുമാണ് അറിയിച്ചത്. സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകളില്‍ ഒന്നിന്റെ നിശ്ചിത ഡോസ് കുത്തിവെപ്പെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സഞ്ചാരികള്‍ നിര്‍ബന്ധിതരായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഇതില്‍ ഉള്‍പെടുന്നു. ടൂറിസ്റ്റ് വിസ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് visitsaudi.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിപ്പില്‍ പറഞ്ഞു.
വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖീം പോര്ടലില് അപ്ഡേറ്റ് ചെയ്തിരിക്കണം. കൂടാതെ തവകല്‍നാ ആപ്ലികേഷന് വഴി പ്രവേശനാനുമതിക്കുള്ള സമ്മതപത്രം നേടിയെടുക്കണം. ഇത് പൊതു ഇടങ്ങളിലെ പരിശോധനകളില്‍ ഹാജരാക്കണം. ഇതിന് ആവശ്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി തവകല്‍നാ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഷോപിങ് മാളുകള്‍, സിനിമാശാലകള്‍, റെസ്റ്റോറന്റുകള്‍, വിനോദ വേദികള്‍ എന്നിവയുള്‍പെടെ സൗദി അറേബ്യയിലെ നിരവധി പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി തവകല്‍നാ ആപ് വഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: