തിരുവനന്തപുരം: രാമായണ പ്രഭാഷണ പരമ്പരയുമായി സി.പി.ഐ. ആധ്യാത്മകി തലത്തില്‍ നിന്ന് മാറ്റിയുള്ള വ്യഖ്യാനമാണ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ രാമായണ പ്രഭാഷണത്തില്‍ ഉദ്ദേശിക്കുന്നത്. രാമായണം ചില ശക്തികള്‍ക്ക് തീറെഴുതുകയല്ല വേണ്ടതെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് മാസ്റ്റര്‍ പറഞ്ഞു. ഒരാഴ്ച നീളുന്നതാണ് സി.പി.ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ രാമായണ പ്രഭാഷണ പരമ്പര. രാമായണത്തിന്റെ രാഷ്ട്രീയവും, ഇന്ത്യന്‍ പൈതൃകവുമെല്ലാം ചേര്‍ത്താണ് പ്രഭാഷണ പരമ്പര.
കഴിഞ്ഞ ഞായറാഴ്ചയാണ് രാമായണ പ്രഭാഷണ പരമ്പരക്ക് സി.പി.ഐ തുടക്കം കുറിച്ചത്. ശനിയാഴ്ച വരെ വൈകിട്ട് ഏഴ് മണിക്ക് സിപിഐ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രഭാഷണ പരമ്പര സംപ്രേഷണം ചെയ്യുന്നത്. ആലങ്കോട് ലീലാകൃഷ്ണന്, എം.എം സജീന്ദ്രന്, എ.പി അഹമ്മദ്, അഡ്വ. എം കേശവന് നായര്‍, മുല്ലക്കര രത്നാകരന്, കെ.പി രാമനുണ്ണി, അജിത് കൊളാടി തുടങ്ങിയവര്‍ ആണ് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുന്നവര്‍.
രാമായണം ഇപ്പോള്‍ ചില ശക്തികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. രാമായണം യഥാര്‍ത്ഥത്തില്‍ പൊതുസ്വത്താണ്. ആ പൊതുസ്വത്തിനെ ആരുടെയെങ്കിലും മുമ്പില്‍, അല്ലെങ്കില്‍ ആരുടെയെങ്കിലും മാത്രമാക്കി ചുരുക്കുന്നതിനുള്ള ശ്രമത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും കൃഷ്ണദാസ് മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: