തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ തുറുപ്പ് ചീട്ടായ ഓണക്കിറ്റില്‍ വിതരണം ചെയ്യാനായി വാങ്ങുന്ന കശുവണ്ടി പാക്കിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി. ഡിപ്പോ തലത്തില്‍ 50 ഗ്രാമിന്റെ പാക്കിന് 35 രുപ നിരക്കിലാണ് കശുവണ്ടി വാങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു പാക്കറ്റിന് ഇതില്‍ നിന്നും 1.50 രൂപ കൂട്ടി 36.50 രൂപയ്ക്കാണ് കശുവണ്ടി വാങ്ങുന്നത്. ഒമ്പത് ജില്ലകളിലേയ്ക്ക് വിതരണക്കരാറുള്ള കരാറുകാരനാണ് ഇത്തരത്തില്‍ വില കൂട്ടി നല്കി വെട്ടിപ്പിന് ഉദ്യോഗസ്ഥര്‍ കുടപിടിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
റീജണല്‍ മാനേജര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കശുവണ്ടി പാക്കിന് 35 രൂപ നല്കാന് തീരുമാനിച്ചത്. ഈ വില പ്രകാരം കരാറും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഹെഡ് ഓഫീസ് മാനേജിങ് കമ്മിറ്റിയില്‍ വിലകൂട്ടി 36.50 രൂപയായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
പാലാ ആസ്ഥാനമായുള്ള കരാറുകാരനില്‍ നിന്നാണ് വിലകൂട്ടിയ കശുവണ്ടികള്‍ വാങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലേയ്ക്കുള്ള കിറ്റുകളില്‍ നല്‍കാനുള്ള പാക്കറ്റ് കശുവണ്ടിക്കാണ് ഇയാള്‍ കരാര്‍ എടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 90 ലക്ഷത്തോളം കിറ്റുകളാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. അത്തരത്തില്‍ കണക്കു കൂട്ടുമ്പോള്‍ ഏകദേശം 1 കോടി രൂപയോളമാണ് കരാറുകാരന് കൂട്ടി നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ധാരണയുണ്ടാക്കി കിറ്റിലെ സാധനങ്ങള്‍ക്ക് കമ്മീഷന് പറ്റുന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: